ലോക്ക്ഡൗൺ പാർട്ടി ; ബോറിസ് ജോൺസന്റെ രാജി ആവശ്യപ്പെട്ട് മുൻ മന്ത്രി

National

ലോക്ഡൗൺ നിയമം ലംഘിച്ച് ഔദ്യോഗിക വസതിയിൽ വിരുന്ന് നടത്തി വിവാദത്തിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്​ ജോൺസ​ന്‍റെ രാജി ആവശ്യപ്പെട്ട് മുൻ മന്ത്രി നിക്ക് ഗിബ്ബ്. ലോക്ഡൗൺ കാലത്ത് മദ്യ സൽക്കാരം നടത്തിയതിൽ ബോറിസ് ജോണ്‍സണിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് 2020 മെയ്യില്‍ ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്നപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും, സർക്കാർ മന്ദിരങ്ങളിലും വിരുന്നുകൾ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.2020 ൽ മാത്രം ഡൗണിങ് സ്ട്രീറ്റിലും കാബിനറ്റ് ഓഫീസിലുമായി 12ലേറെ പാർട്ടികൾ നടന്നുവെന്നാണ് കണ്ടെത്തിയത്. 70 ലേറെപ്പേരെ ഇവർ ചോദ്യം ചെയ്യുകയും പാർട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കുകയു യും ചെയ്താണ് റിപ്പോർട്ടുകൾ. ഇതിൽ ജന്മദിന സമ്മേളനത്തിൽ ബിയർ പിടിച്ച ജോൺസന്റെ ചിത്രങ്ങൾ പൊലീസിന് കൈമാറിയിരുന്നു. ഈ പരിപാടിയുടെ മുന്നോറോളം ചിത്രങ്ങൾ മെട്രോ പോളിറ്റൻ പൊലീസിന് സമർപ്പിച്ചിട്ട് ഉണ്ടെന്നാണ് വിവരങ്ങൾ. അതെ സമയം ഈ ചിത്രങ്ങൾ ബോറിസ് ജോൺസന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ എടുത്തതാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിപക്ഷത്തു നിന്നും ബോറിസ് ജോൺസണിന്റെ രാജിയ്ക്കായുള്ള ആവശ്യം ശക്തമാകുകയാണ്. എന്നാൽ കൺസർവേറ്റീവ് എംപിമാരിൽ ബഹുഭൂരിപക്ഷവും ജോൺസണെ പിന്തുണക്കുമെന്ന് സാംസ്കാരിക സെക്രട്ടറി നദീൻ ഡോറിസ് പ്രതികരിക്കുകയുണ്ടായി.
പ്രധാനമന്ത്രി രണ്ട് നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നും, വരുന്ന ആഴ്ച ബോറിസ് ജോൺസണിനെ സംബന്ധിച്ചു നിർണായകമാണെന്നും മുൻ മന്ത്രി നിക്കി ജിബ്ബ് പ്രതികരിച്ചു. നേതൃസ്ഥാനത്ത് ബോറിസ് ജോൺസൻ പരാജയമാണെന്നും മദ്യം വിളമ്പി കൊവിഡ് കാലയളവിൽ ആഘോഷിച്ചത് തെറ്റായി പോയി എന്നും ജിബ്ബ് കുറ്റപ്പെടുത്തി.

അതെ സമയം, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ പത്തംഗ ഉപദേശക സമിതിയിലെ മറ്റൊരു ഉപദേഷ്ടാവ് കൂടി രാജി വച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായിരുന്ന എലീന നരോസാൻസ്കിയാണ് രാജിവച്ചത്.
ഉപദേശക സമിതിയിലെ നാലംഗങ്ങള്‍ നേരത്തെ സ്ഥാനങ്ങളൊഴിഞ്ഞിരുന്നു. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നേരത്തെയും ബോറിസ് ജോണ്‍സണ്‍ പരസ്യമായി മാപ്പുചോദിച്ചിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *