കോഴിക്കോട്: കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും മറ്റെല്ലാം ആ അവിഭാജ്യ ആശയത്തിന്റെ കീഴിലാണെന്നും ഭരണാധികാരികള്‍ മനസിലാക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. മുസ്ലീങ്ങളെ ഈ രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചിലരുടെ മനസിലുള്ളതെന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങള്‍.രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മൗലികാവകാശമായി നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നുമുണ്ട്. പഠിക്കാനുള്ള അവകാശവും മതം അനുഷ്ടിക്കുന്നവര്‍ക്ക് നിഷേധിക്കാവതല്ല. ഹിജാബ് ധരിക്കാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശവും ഭരണഘടന ഉറപ്പു നല്‍കുന്നതാണ്.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന വകവെച്ച് നല്‍കുമ്പോള്‍ എന്ത് പിന്‍ബലത്തിലാണ് ചിലര്‍ നിരന്തരം വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് ഇത് നിഷേധിക്കുന്നത്? 2015ലെ കേരള ഹൈക്കോടതി വിധിയില്‍ ഇന്ത്യയെപ്പോലെ വിവിധ ജനവിഭാഗങ്ങള്‍ ഉള്ള രാജ്യത്ത് ഡ്രസ്സ് കോഡ് പിന്തുടരാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി പറഞ്ഞത് ഇവിടെ ഓര്‍ക്കുകയാണ് .