മേപ്പാടി: കാൻസർ ചികിത്സാ രംഗത്ത് വളരെ അനിവാര്യമായ കീമോതെറാപ്പിക്കായി ജില്ലയിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അത്തരം രോഗികൾക്ക് ആശ്വാസമേകാൻ ആസ്റ്റർ വയനാട് കാൻസർ രോഗ വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. നിതിൻ എബ്രഹാമിന്റെ നേതൃത്വത്തിൽ കീമോതെറാപ്പി ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാർഡും മെഡിസിൻ മിക്സിങ് യൂണിറ്റും പ്രവർത്തിച്ചുവരുന്നു. ഇതോടെ കീമോതെറാപ്പിക്കുവേണ്ടി മറ്റു ജില്ലകളെ ആശ്രയിച്ചുവരുന്ന രോഗികൾക്ക് നീണ്ട യാത്രകളും അതിനു വേണ്ടിയുള്ള ഭാരിച്ച ചെലവുകളും ഒഴിവാക്കാൻ കഴിയും. കാൻസർ രോഗം സ്ഥിരീകരിച്ചുകഴിഞ്ഞാൽ അടുത്തപടി അതിന്റെ വിവിധ സ്റ്റേജുകൾ നിർണ്ണയിക്കുകയാണ്. ഇതിനായി പാത്തോളജി സംവിധാനങ്ങളോട് കൂടിയ ലബോറട്ടറിയും സിടി, എംആർഐ സ്കാനിങ് അടക്കമുള്ള റേഡിയോളജി വിഭാഗവും ഇവിടെയുണ്ട്. ഇതോടെ കുറഞ്ഞ ചിലവിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ കാൻസർ ചികിത്സ നൽകാൻ കഴിയും.ലോക കാൻസർ ദിനാചാരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയിൽ ആസ്റ്റർ വയനാടിലെ കാൻസർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ വി ഗംഗാധരൻ കീമോതെറാപ്പി യൂണിറ്റിന്റെ ഉൽഘാടനം നിർവഹിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ, ഡീൻ ഡോ. ഗോപകുമാരൻ കർത്താ, വൈസ് ഡീൻ ഡോ. എ പി കാമത്ത്,ഡോ.
നിതിൻ എബ്രഹാം, ഡോ. അരുൺ ചന്ദ്രശേഖരൻ ഓപ്പറേഷൻ വിഭാഗം എജിഎം ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
