കോഴിക്കോട് കോടഞ്ചേരി ടൗണിൽ വൈക്കോൽ ലോറിക്ക് തീപിടിച്ചു. ഡ്രൈവറുടെ സംയോജിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. ലോറി റോഡരികിലെ ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയാണ് ഡ്രൈവർ അപകടം ഒഴിവാക്കിയത്.
ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. കണ്ണോത്ത് ഭാഗത്തുനിന്നും വന്ന വൈക്കോൽ നിറച്ച ലോറിയിൽ നിന്ന് പുക ഉയരുന്നത് ഡ്രൈവറാണ് ആദ്യം കണ്ടത്. ഉടൻ കോടഞ്ചേരി ടൗണിലെ റോഡരികിലുള്ള ഗ്രൗണ്ടിലേക്ക് ലോറി ഓടിച്ചു കയറ്റി. ഈ സമയം വൈക്കോൽ കത്തി തുടങ്ങിയിരുന്നു. പാർക്ക് ചെയ്ത് ഡ്രൈവർ ഇറങ്ങിയ ഉടൻ തീ ആളി കത്തി.തുടർന്ന് തൊട്ടടുത്ത് ജോലി ചെയ്തിരുന്ന ജെസിബി ഉപയോഗിച്ച് വൈക്കോൽ കൂട്ടങ്ങൾ ലോറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടു. വിവരം അറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി, തീ പൂർണമായും അണച്ചു. അപകടം അറിഞ്ഞ ഉടൻ ഡ്രൈവർ, ലോറി വിജനമായ ഗ്രൗണ്ടിലേക്ക് കയറ്റിയതാണ് വലിയ അപകടം ഒഴിവാക്കിയത്. വരുന്ന വഴി റോഡിലെ ഇലക്ട്രിക്ക് ലൈനിൽ തട്ടി വൈക്കോലിന് തീ പിടിച്ചെന്നാണ് പ്രാഥമിക വിവരം.