കൊവിഡ്-ഒമൈക്രോണ്‍ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ കേരള അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന ശക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇളവുള്ളത്. നാളെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിലേക്ക് പ്രവേശിയ്ക്കാന്‍ രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി. രേഖകളില്ലാതെയെത്തുന്നവരെ അതിര്‍ത്തിയില്‍ മടക്കിയയച്ചു തുടങ്ങി.
ചരക്കു നീക്കം തടസ്സപ്പെടില്ല. ആംബുലന്‍സ്, ആശുപത്രിയിലേക്ക് പോവുന്ന വാഹനങ്ങള്‍ എന്നിവയും തടയില്ല. തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നിബന്ധനകളോടെ ഇളവുണ്ട്. ചാവടി ചെക്‌പോസ്റ്റിനുപുറമെ വാളയാര്‍ ഡാം പ്രദേശം, റെയില്‍വേ ട്രാക് എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
തമിഴ്‌നാട്ടില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ആരാധനാലയങ്ങള്‍ അടച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണും പ്രഖ്യപിച്ചുകഴിഞ്ഞു. ഊട്ടി, നിലഗിരി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ സന്ദര്‍ശന സമയം രാവിലെ പത്തുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെയാക്കി ക്രമപ്പെടുത്തി.