ആശങ്കയായി രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 1,41,986 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.. 285 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ വാരന്ത്യ ലോക്ക്‌ഡൌണ്‍ ആരംഭിച്ചു
രാജ്യത്ത് കൊവിഡ് കേസുകളില്‍ കുത്തനെയുള്ള വര്‍ധനവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 1,41,986 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധനയാണിത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 285 മരണമാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്തെ പ്രതിദിന പോസിറ്റീവ് നിരക്ക് 9.28%മാണ്.
40,895 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 27 സംസ്ഥാനങ്ങളിലായി 3071 ഓമിക്രോണ്‍ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 238 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച മാത്രം 40,925 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ വരാന്ത്യ ലോക്ക്‌ഡൌണ്‍ ആരംഭിച്ചു.
ആരോഗ്യ പ്രവര്‍ത്തകര്‍,മുന്നണി പോരാളികള്‍,അവശ്യ സര്‍വീസുകള്‍ എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് കരുതല്‍ ഡോസ് വാക്‌സിന്‍ തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ് നല്‍കുക.
എന്നാല്‍ 60 വയസിന് മുകളില്‍പ്രായമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ നിര്‍ദേശം ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം രാജ്യത്ത് 150 കോടി വാക്സിന്‍ ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി