കൊവിഡ് വ്യാപനം ശക്തം; ബംഗാളില്‍ നാളെ മുതല്‍ സ്ക്കൂളുകള്‍ അടക്കും

National

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. സിനിമാ തിയറ്ററുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ബ്യൂട്ടി സലൂണുകളും തുറന്നുപ്രവര്‍ത്തിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. പൊതു-സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാരെ മാത്രം വെച്ച് പ്രവര്‍ത്തിപ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എച്ച്.കെ ദ്വിവേദിയാണ് പുതിയ നിയന്ത്രണങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടത്.
കൊവിഡ് ഭീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. നേരത്തെ ദല്‍ഹി സര്‍ക്കാരും സ്ക്കൂളുകളും കോളേജുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു.
അതേസമയം, ബംഗാളില്‍ 4512 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ 13300 പേരാണ് കൊവിഡ് ബാധിതരായുള്ളത്. കൊവിഡ് കണക്കില്‍ മഹാരാഷ്ട്രക്കും കേരളത്തിനും ശേഷം രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ബംഗാളിന്‍റെ സ്ഥാനം. ഇരുപതോളം ഒമൈക്രോണ്‍ കേസുകളാണ് ബംഗാളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *