പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും അടിച്ചുതകര്‍ത്ത് വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തിയതിനു ശേഷം ഭിത്തിയില്‍ ഇങ്ങനെ എഴുതി, ‘മിന്നല്‍ മുരളി ഒറജിനല്‍’ വീട് ആക്രമിച്ച ആ ‘മിന്നല്‍ മുരളി’യെ തേടുകയാണ് ഇപ്പോള്‍ പൊലീസ്. കുമരകത്താണ് ആക്രമണമുണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് സാമൂഹികവിരുദ്ധരുടെ ആക്രമണം. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം.
രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. കഴിഞ്ഞരാത്രി കുമരകം പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്.ഐ. എസ്.സുരേഷ് പറഞ്ഞു.
