സംഗീതം പൊഴിച്ച് കൊച്ചി മെട്രോ; കൊച്ചി മെട്രോയില്‍ മ്യൂസിക്കല്‍ സ്റ്റെയര്‍

Kerala

കൊച്ചി മെട്രോയുടെ പടികളില്‍ ഇനി യാത്രക്കാര്‍ക്ക് കാല്‍ പാദമുപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാന്‍ സാധിക്കും. കെഎംആര്‍എല്‍ ഒരുക്കിയ മ്യൂസിക്കല്‍ സ്റ്റയര്‍ എന്ന പുതിയ സംവിധാനത്തിലൂടെയാണ് മെട്രോയുടെ പടികളില്‍ സംഗീതം തീര്‍ക്കുന്നത്. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് പുതിയ സംവിധാനമൊരുങ്ങിയത്.
സംഗീതം പൊഴിക്കുന്ന പടികളാല്‍ യാത്രികര്‍ക്ക് മനോഹരമായ മെട്രോ യാത്രകള്‍ സമ്മാനിക്കുകയാണ് കെഎംആര്‍എല്‍. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിലാണ് യാത്രക്കാര്‍ക്കായി മ്യൂസിക്കല്‍ സ്റ്റെയര്‍ എന്ന പുതിയ സംവിധാനം ഒരുക്കിയത്.
പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാവുന്ന വിധത്തില്‍ മ്യൂസിക് നോട്ടുകളും കീയും പടികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും. പ്രമുഖ ഗായിക ആര്യ ദയാലാണ് കെ.എം.ആര്‍.എലിന്റെ ഈ മ്യൂസിക്കല്‍ സ്റ്റയര്‍ ഉദ്ഘാടനം ചെയ്തത്.
കെ.എം.ആര്‍.എല്‍ സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുമി നടരാജന്റെ ഏകോപനത്തില്‍ സംരംഭകരായ അഖില്‍, സ്മൃതി, ആനന്ദ്, ഹെന എന്നിവരാണ് കൊച്ചി മെട്രോയ്ക്കുവേണ്ടി ഈ മ്യൂസിക്കല്‍ സ്റ്റെയര്‍ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
എസ്‌കിലേറ്റര്‍ ലിഫ്റ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ മെട്രോ സ്റ്റേഷനുകളില്‍ ഉണ്ടെങ്കിലും പടികള്‍ കയറുന്നതും ഇറങ്ങുന്നതും മികച്ച ആരോഗ്യശീലമാണെന്ന തിരിച്ചറിവില്‍ കൂടിയാണ് കൊച്ചി മെട്രോ ഈ മ്യൂസിക്കല്‍സ്റ്റയര്‍ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *