‘ലോകം കൊവിഡ് സുനാമി’യിലേക്ക്, ഒമൈക്രോണ്‍ ഡെല്‍റ്റ ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International

ഒമൈക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഒമൈക്രോണ്‍-ഡെല്‍റ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവന്‍ ഡോ.ടെഡ്രോസ് ആദാനോം വ്യക്തമാക്കി.
ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായാണ്
ലോകാരോഗ്യ സംഘടന തലവന്‍ രംഗത്തെത്തിയത്.
ഡെല്‍റ്റയും പുതിയ ഒമൈക്രോണ്‍ വകഭേദവും ചേരുമ്പോള്‍ മിക്ക രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ചൂണ്ടികാട്ടി.
ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ഇതുവരെ വാക്സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ടെഡ്രോസ് പറഞ്ഞു. ഒമൈക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ അമേരിക്കയില്‍ ഈ ആഴ്ചയിലെ രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇറ്റലി, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഫ്രാന്‍സില്‍ ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് രോഗബാധിതര്‍ ആയത്.

Leave a Reply

Your email address will not be published. Required fields are marked *