പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ദുരഭിമാന ആക്രമണം നടത്തിയ കേസില്‍ വധുവിന്‍റെ അച്ഛനും അമ്മയും ക്വട്ടേഷന്‍ സംഘവും ഉൾപ്പെടെ ഏഴ് പേർ പിടിയില്‍.
കോഴിക്കോട് വെള്ളിമാട് കുന്നില്‍ വരന്‍റെ ബന്ധുവിനെ ആക്രമിച്ച കേസിലാണ് പ്രതികളെ ചേവായൂര്‍ പൊലീസ് പിടികൂടിയത്. പ്രണയ വിവാഹത്തിന് സഹായം നൽകിയെന്നാരോപിച്ചാണ് വരന്‍റെ ബന്ധുവിനെ ആക്രമിച്ചത്.ഡിസംബർ 11നാണ് വധുവിനെ സഹായിച്ചു എന്ന പേരിൽ വരന്‍റെ സഹോദരിയുടെ ഭർത്താവ് കയ്യാലത്തൊടി റിനീഷിനെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട് മെഡിക്കഷൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
മുൻപ് രണ്ട് തവണ ക്വട്ടേഷൻ നൽകിയെങ്കിലും അപ്പോള്‍ കൃത്യം നിർവ്വഹിക്കാനായില്ല. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി റിനീഷ് പറഞ്ഞു.
