രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 358 പേർക്കാണ് നിലവിൽ ഒമൈക്രോൺ വകഭേദം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ പശ്ചാത്തലത്തിൽ ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പുതിയ ഒമിക്രോൺ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 358 ആയി ഉയർന്നു. 114 ഒമിക്രോൺ രോഗികൾ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം സ്ഥിരീകരിച്ച 17 സംസ്ഥാനങ്ങളിൽ 88 രോഗികളുമായി മഹാരാഷ്ട്രയാണ് പട്ടികയിൽ മുന്നിൽ. ദില്ലിയിൽ 67ഉം, തെലുങ്കാനയിൽ 38 ഉം തമിഴ്നാട്ടിൽ 34 ഉം ഒമിക്രോൺ രോഗബാധിതരുണ്ട്. കോവിഡ് ഒമിക്രോൺ വകഭേദത്തിൻ്റെ വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ദില്ലിയിലും ഉത്തർപ്രദേശിലും ഡിസംബർ 25 മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ക്രിസ്തുമസ്-പുതുവത്സര ദിനാഘോഷങ്ങൾക്ക് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6650 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 77516 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7051 പേര് രോഗമുക്തി നേടുകയും 374 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.