മാനന്തവാടി താലൂക്കിലെ പ്ലാമൂല, ഓലഞ്ചേരി, വരിനിലം എന്നീ ട്രൈബല്‍ കോളനികള്‍, കോഴിക്കോട്-വയനാട് ജില്ലയിലെ ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഓണ്‍ലൈനാകുന്നു. പദ്ധതിയുടെ ഔദ്യോഗിക രേഖകള്‍ ജില്ലാ കലക്ടര്‍ എ.ഗീതയ്ക്ക് കോഴിക്കോട് ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് കൈമാറി. ചടങ്ങില്‍ വയനാട് ഡിവിഷണല്‍ എഞ്ചിനീയര്‍ കെ.സുനില്‍, ജീവനക്കാരുടെ പ്രതിനിധികളായ എ.ജി ചന്ദ്രന്‍, സി.ടി. ഉലഹന്നാന്‍, അലക്സ് പോത്തന്‍ എന്നിവര്‍ പങ്കെടുത്തു.
ആദിവാസി മേഖലയിലേക്ക് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ എത്തിച്ചു കൊണ്ടാണ് ഇന്റര്‍നെറ്റ് വൈഫൈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ബി.എസ്.എന്‍.എല്‍ അംഗീകൃത കേബിള്‍ ഓപ്പറേറ്ററായ എസ്.ഫോര്‍ കേബിള്‍ വിഷനുമായി സഹകരിച്ചാണ് മാന്തവാടിയിലെ ഈ ട്രൈബല്‍ സെറ്റില്‍മെന്റുകളില്‍ ഫൈബര്‍ ശൃംഖല എത്തിച്ചത്. വയനാട് ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ അനുവാദത്തോടെ നല്‍കിയ ഈ കണക്ഷന്‍ ഈ കോളനികളിലെ കുട്ടികളുടെ ഒണ്‍ലൈന്‍ പഠനത്തിന് സഹായകമാണ്. 100 എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷനാണ് ഇവിടെ നല്‍കിയിരിക്കുന്നത്.
ആധുനിക ടെലികോം സംവിധാനങ്ങള്‍ അപ്രാപ്യമായ വിദൂര ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാവശ്യത്തിന് വേണ്ടിയാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മ ഇത്തരമൊരു ശ്രമം നടത്തിയത്. യാതൊരു തരത്തിലുള്ള ടെലികോം സേവനങ്ങളും ലഭ്യമല്ലാത്ത അന്‍പതിലധികം സ്ഥലങ്ങളും ഭാഗികമായി മാത്രം ടെലികോം സേവങ്ങള്‍ ലഭ്യമായ നൂറോളം കോളനികളും ഇന്റര്‍നെറ്റ് ലഭ്യമാക്കേ ണ്ടതായി ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു. അതില്‍ ഉള്‍പ്പെടുന്ന മൂന്ന് കോളനികളാണ് ബി.എസ്.എന്‍.എല്‍ ജീവനക്കാരുടെ കൂട്ടായ്മയായ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ബോര്‍ഡ് ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് 150 ഓളം ട്രൈബല്‍ കോളനികളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രക്രിയ വിവിധ ഘട്ടങ്ങളി ലാണ്. ഒപ്റ്റിക്കല്‍ കേബിള്‍ സാങ്കേതിക വിദ്യയിലൂടെയാണ് ഈ കോളനികളില്‍ ഇന്റര്‍നെറ്റ് നല്‍കുന്നത്. ബി.എസ്.എന്‍.എല്‍ അംഗീകൃത കേബിള്‍ ഓപ്പറേറ്റര്‍മാരായ വയനാട് വിഷന്‍ അടക്കമുള്ള ഫ്രാഞ്ചൈസി കളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.