മാനന്തവാടി താലൂക്കിലെ തൃശിലേരി വില്ലേജില്‍ അന്തരിച്ച ബ്രിട്ടീഷ് പൗരന് ജുബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായിരുന്ന കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് 1964ലെ അന്യംനില്‍പ്പും കണ്ടുകെട്ടലും നിയമം അനുസരിച്ചു പിടിച്ചെടുത്തതിനെതിരായ അപ്പീല്‍ സര്‍ക്കാര്‍ തള്ളി. ഭൂമി തിരികെ കിട്ടുവാന്‍ ഇംഗന്റെ ദത്തുപുത്രന് എന്നവകാശപ്പെടുന്ന മൈസൂരു സ്വദേശി മൈക്കിള്‍ ഫ്ളോയിഡ് ഈശ്വര്‍ സമര്‍പ്പിച്ച അപ്പീലാണ് വിശദമായ പരിശോധകള്‍ക്കും വാദം കേള്‍ക്കലിനും ശേഷം ഇന്നലെ തള്ളിയത്. 211 ഏക്കര്‍ വരുന്ന ആലത്തൂര്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിച്ച് 2018 ഏപ്രില്‍ 21നു അന്നത്തെ ജില്ലാ കലക്ടര്‍ എസ്.സുഹാസ് പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാര്‍ ശരിവെച്ചു.
വാന്‍ ഇംഗനും സഹോദരങ്ങളായ ഒലിവര്‍ ഫിനെസ് മോറിസ്, ജോണ്‍ ഡെ വെറ്റ് ഇംഗന് എന്നിവര്‍ക്കും അവകാശപ്പെട്ടതായിരുന്നു ആലത്തൂര്‍ എസ്റ്റേറ്റ്. ഇതില്‍ മോറിസ് ഓഹരി മറ്റു രണ്ടു പേര്‍ക്കുമായി കൈമാറി. ജോണിന്റെ മരണശേഷമാണ് എസ്റ്റേറ്റ് പൂര്‍ണമായും ജൂബര്‍ട്ട് വാന്‍ ഇംഗന്റെ ഉടമസ്ഥതയിലായത്.