കൽപ്പറ്റ.വയനാട് പൈതൃക സംരക്ഷണ കർമസമിതി ഏർപ്പെടുത്തിയ എടച്ചന കുങ്കൻ സ്മാരക പുരസ്കാരത്തിന് എം.എ. വിജയൻ ഗുരുക്കൾ അർഹനായി എന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കളരികൾ ആരംഭിക്കുകയും അവയെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കുകയും ചെയ്ത പോരാളിയാണ് എടച്ചന കുങ്കൻ. അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ പുരസ്കാരമാണ് എം.എ വിജയൻ ഗുരുക്കൾക്ക് ലഭിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടായി വയനാട്ടിൽ കളരികൾ ആരംഭിക്കുന്നതിനും പ്രചരിക്കുന്നതിനും വേണ്ടി സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. നിരവധി ശിഷ്യന്മാരുളള കളരി ആശാനാണ് മാനന്തവാടി പിച്ചംകോട് സ്വദേശിയായ വിജയൻ ഗുരുക്കൾ.എടച്ചന കുങ്കന്റെ പിന്മുറക്കാർ നൽകിയ 3001 രൂപയും ഫലകവും മംഗളപ്രതവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 16-ന് 216-മത് എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിൽ അദ്ദേഹത്തിനു സമ്മാനിക്കും. അന്നേദിവസംഎടച്ചന കുങ്കൻ വീരമൃത്യു വരിച്ച പുളിഞ്ഞാൽ കോട്ടമൈതാനിയിൽ രാവിലെ 9 മണിക്ക് പുഷ്പാർച്ചന നടത്തും. സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് വൈകുന്നേരം മൂന്നുമണിക്ക് കാവ്യാർച്ചന, പുൽപ്പള്ളി കളരിസംഘത്തിൻറ കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയവ നടക്കും.4മണിക്ക് വെള്ളമുണ്ട പത്താം മൈലിൽ നിന്ന് ആരംഭിക്കുന്ന സ്മൃതി യാത്ര പുളിഞ്ഞാൽ എടച്ചന കുങ്കൻ സ്മൃതിമണ്ഡപത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും.പൈതൃകം സമിതി സെക്രട്ടറിയും ഗ്രന്ഥകാരനുമായ വി.കെ. സന്തോഷ് കുമാർ എടച്ചന കുങ്കൻ അനുസ്മരണ പ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയർമാൻ വിജയൻ കൂവണ അധ്യക്ഷത വഹിക്കും. കെ.ടി. സുകുമാരൻ സ്വാഗതവും വി.ബാലൻ നന്ദിയും പ്രകാശിപ്പിക്കും. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. കർമസമിതി അധ്യക്ഷൻ എ.വി.രാജേന്ദ്രപ്രസാദ്, ഉപാധ്യക്ഷൻ കെ..ടി. സുകുമാരൻ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.