കൽപ്പറ്റ: ഇന്ത്യാ പാക്ക് യുദ്ധത്തിൽ ഇന്ത്യൻ സായുധ സേന കൈവരിച്ച ഉജ്ജ്വല വിജയ് വർഷ ആഘോഷവും വിമുക്ത ഭട കുടുംബ സംഗമവും 13-ന് കാക്കവയലിൽ നടക്കുമെന്ന് കേരള സ്റ്റേറ്റ് എക്സ് സർവ്വീസ് ലീഗ് സർവ്വീസ് ഓർഗനൈസേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1971-ൽ നടന്ന ഇന്ത്യ – പാക്ക് യുദ്ധത്തിൽ പങ്കെടുത്ത 85 സൈനികരെയും പതിനഞ്ചിലധികം വീര മൃത്യു വരിച്ച സൈനീകരുടെ വിധവകളെയും ചടങ്ങിൽ ആദരിക്കും. 13-ന് രാവിലെ 10-30-ന് കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിൽ റീത്ത് സമർപ്പിച്ച് പരിപാടികൾ ആരംഭിക്കും. തുടർന്ന് തെ നേരി ഫാത്തിമ മാതാ പള്ളി ഹാളിൽ നടക്കുന്ന വിജയ് വർഷ ആഘോഷം ഒ.ആർ. കേളു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ,ജില്ലാ കലക്ടർ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, ജീവിതത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന കമ്മിറ്റി ഡിസംബർ 12 മുതൽ കാസർഗോഡ് നിന്നാരംഭിച്ച് പത്തനംതിട്ടയിൽ സമാപിക്കുന്ന തരത്തിൽ അമർ ജവാൻ സ്മൃതിയാത്രയും നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്തോ- പാക്ക് യുദ്ധവിജയത്തിൻ്റെ ഭാഗമായി ധീരയോദ്ധാക്കളെയും വീർ നാരികളെയും ആദരിക്കുമെന്നും ഇവർ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മത്തായിക്കുഞ്ഞ് പൂത്തുപ്പള്ളിൽ, സെക്രട്ടറി വി. അബ്ദുള്ള, വിശ്വനാഥൻ, വി.കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.