മാനന്തവാടി നഗരസഭയിലെ പ്രിയദര്‍ശിനി ട്രൈബല്‍ കോളനി ജില്ലാ കളക്ടര്‍ എ. ഗീത സന്ദര്‍ശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ട്രൈബല്‍ കോളനികളിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് വ്യാഴാഴ്ച്ച ജില്ലാ കളക്ടര്‍ കോളനിയിലെത്തിയത്. ഭക്ഷ്യലഭ്യത, ആരോഗ്യ സ്ഥിതി തുടങ്ങിയ വിവരങ്ങള്‍ കോളനിവാസികളോട് നേരിട്ടന്വേഷിച്ച അവര്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്റെ പ്രാധാന്യത്തെപ്പറ്റി ബോധവല്‍ ക്കരണവും നടത്തി. തൊണ്ണൂറ് ട്രൈബല്‍ കുടുംബങ്ങളാണ് പ്രിയദര്‍ശിനി കോളനിയിലുള്ളത്. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ ഒപ്പമുണ്ടായിരുന്നു.
പ്രിയദര്‍ശിനി ടീ പ്ലാന്റേഷന്‍ ഫാക്ടറിയില്‍ ചേര്‍ന്ന യോഗത്തില്‍ കോളനിവാസികളുടെ പ്രശ്‌നങ്ങളും ക്ഷേമക്കാര്യങ്ങളും ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. മുന്‍കാല തൊഴിലാളികളുടെ ശമ്പളപരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് അവര്‍ ഉറപ്പ് നല്‍കി. റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് അടിയന്തരമായി കാര്‍ഡ് ലഭ്യമാക്കാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാര്‍പ്പിട സംബന്ധമായ വിഷയങ്ങളില്‍ പട്ടിക വര്‍ഗ വകുപ്പിന്റെ ഫണ്ടില്‍ നിന്നും ആവശ്യമായ തുക അനുവദിച്ച് വീടുകള്‍ താമസയോഗ്യമാക്കുന്നതിനുളള നടപടികളും ഉണ്ടാകും. കോളനിയില്‍ അനധികൃത മദ്യമെത്തുന്നത് തടയണമെന്ന് പോലീസിനും നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
കോളനിയിലെ ആരോഗ്യവകുപ്പിന്റെ സബ്സെന്റര്‍ പ്രവര്‍ത്തനം ശക്തിപ്പെ ടുത്തണമെന്ന കോളനിവാസികളുടെ ആവശ്യം പരിഗണിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഡിസംബര്‍ 13 ന് സബ്‌സെന്ററില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കോളനിയിലെ സ്ത്രീ സുരക്ഷക്ക് വേണ്ടി സബ്‌സെന്ററിലെ ജെ. പി.എച്ച്.എന്‍ സ്റ്റാഫിനെയും ചുമതലപ്പെടുത്തി. കോളനിയിലെ കാന്‍സര്‍ രോഗിയായ മനുവിന് വേണ്ടിയുള്ള ചികിത്സസഹായം നല്‍കാന്‍ പട്ടിക വര്‍ഗ്ഗ വകുപ്പിന് നിര്‍ദ്ദേശവും നല്‍കി.
യോഗത്തില്‍ സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ ആരോഗ്യവകുപ്പ് മേധാവി ഡോ. കെ. സക്കീന, കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ. കെ. ദിനേശന്‍, മാനന്തവാടി ഡി. വൈ. എസ്. പി. എ. പി. ചന്ദ്രന്‍, മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ജില്ലാ സപ്ലൈ ഓഫീസര്‍ പി. എ. സജീവ്, മാനന്തവാടി തഹസില്‍ദാര്‍ ജോസ് പോള്‍ ചിറ്റിലപ്പള്ളി, മാനന്തവാടി വില്ലേജ് ഓഫീസര്‍ വിനു. കെ. ഉതുപ്പ്, മാനന്തവാടി ടി. ഇ. ഒ. കെ. എല്‍. ബിജു, മാനന്തവാടി നഗരസഭ സൂപ്രണ്ട് സി. ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.