കല്‍പ്പറ്റ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ മീനങ്ങാടിയില്‍ ആരംഭിക്കുന്ന ശാസ്ത്രഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് എസ് ടി ഇ ആര്‍ സി ചെയര്‍പേഴ്‌സണ്‍ കെ ബാലഗോപാലന്‍, സിഇഒ എം പ്രകാശ്, പരിഷത് ജില്ലാ പ്രസിഡന്റ് പി ആര്‍ മധുസൂദനന്‍, എം കെ ദേവസ്യ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും ഹരിത സാങ്കേതികവിദ്യയും കാര്‍ബണ്‍ എമിഷന്‍ കുറച്ചുകൊണ്ടുള്ള ജീവിതശൈലിയും പരിചയപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടി സഹകരണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വികസന ഗവേഷണ കേന്ദ്രമാണ് സയന്‍സ്, ടെക്‌നോളജി, എജ്യുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ (എസ് ടി ഇ ആര്‍ സി).
ജില്ലയിലെ 635 കുടുംബങ്ങളില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഹരിതഭവനം പദ്ധതി ജില്ലയിലുടനീളം വ്യാപിപ്പിക്കാന്‍ തീരുമാനമായി. ത്രിതല പഞ്ചായത്തുകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ അഞ്ച് വര്‍ഷം കൊണ്ട് ഭവനങ്ങള്‍ മുഴുവന്‍ ഹരിത സാങ്കേതികവിദ്യ വ്യാപിപ്പിക്കും. സയന്‍സ് സെന്ററില്‍ ഒരുക്കുന്ന സ്‌കില്‍ വികസന കേന്ദ്രത്തില്‍ സൂക്ഷമവ്യവസായത്തില്‍ പരിശീലനം നല്‍കും. തുടക്കത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ട് എല്‍ ഇ ഡി ബള്‍ബ് നിര്‍മാണ പരിശീലനം നല്‍കുമെന്നും അവര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഹരിതസാങ്കേതികവിദ്യാ പരിചയം പ്രായോഗികമായി നല്‍കുന്നതിന് സ്ഥാരം പ്രദര്‍ശനം ഒരുക്കും. മീനങ്ങാടി സയന്‍സ് സെന്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിക്കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ജസ്റ്റിന്‍ ബേബി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി എ കെ റഫീഖ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ കെ മുബാറക്, എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി എസ് അനിത തുടങ്ങിയവര്‍ സംബന്ധിക്കും.