തൃശൂർ: വൈദ്യുതി വിതരണ രംഗത്തെ സ്വകാര്യവത്കരണ നടപടിയുടെ ഭാഗമാണെന്ന് ആക്ഷേപമുയർന്ന സ്മാർട്ട് മീറ്റർ പദ്ധതി ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും. ആദ്യഘട്ടത്തിൽ െചറുകിട -വൻകിട വ്യവസായിക ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഘടിപ്പിക്കുന്ന പ്രവർത്തനമാണ് നടക്കുക.
മീറ്റർ വാങ്ങുന്നതും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതുമുൾപ്പെടെ 3000 കോടി രൂപയുടെ വിശദപദ്ധതി കെ.എസ്.ഇ.ബി തയാറാക്കി കേന്ദ്രസർക്കാറിന് സമർപ്പിക്കാനൊരുങ്ങുകയാണ്. മുൻകൂറായി പണം നൽകി കാർഡ് വാങ്ങി റീചാർജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് സ്മാർട്ട് മീറ്റർ പദ്ധതി. വിതരണ രംഗത്ത് കാര്യക്ഷമതയും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനവും ഉറപ്പു നൽകുന്നതാണ് പദ്ധതിയെന്ന് അവകാശെപ്പടുന്നുണ്ടെങ്കിലും വിതരണ മേഖലയെ സ്വകാര്യമുതലാളിമാർക്കും കോർപറേറ്റുകൾക്കും തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിെൻറ ഭാഗമായുള്ള നടപടിയാണിതെന്നാണ് വിമർശനം.