കേരളത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും. രാജ്യം ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ട് പേരും അതില്‍ ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയാണ്.
യുകെയില്‍ നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറും സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ അമ്മയുമാണ് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 21 ന് ആണ് ഡോക്ടര്‍ കോഴിക്കോട് എത്തിയത്. 26 ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ നാല് ജില്ലകളില്‍ ഉള്ളവരുണ്ട്. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ട് ലിസ്റ്റില്‍ രണ്ട് പേരാണുള്ളതെന്ന് കോഴിക്കോട് ഡിഎംഒ ഒമര്‍ ഫാറൂഖ് അറിയിച്ചിരുന്നു.