ശിശു സൗഹൃദ വിദ്യാഭ്യാസം അനിവാര്യം – ബാലാവകാശ സംരക്ഷണ കമ്മീഷന്‍

Wayanad

വിദ്യാഭ്യാസ അവകാശ നിയമത്തില്‍ അനുശാസിക്കുന്ന പ്രകാരമുളള ഭൗതീക സൗകര്യങ്ങളും ഗുണനിലവാരമുളള വിദ്യാഭ്യാസവും കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട ജില്ലാതല കര്‍ത്തവ്യവാഹകരുടെ കൂടിയാലോചന യോഗത്തിലാണ് കമ്മീഷന്‍ അംഗം അഡ്വ. ബി. ബബിത ഇക്കാര്യം വ്യക്തമാ ക്കിയത്. അധ്യാപക കേന്ദ്രീകൃത രീതിയില്‍ നിന്നും മാറി വിദ്യാഭ്യാസം ശിശു സൗഹൃദമാക്കി തീര്‍ക്കാനുളള ശ്രമം ഉണ്ടാകേണ്ടതുണ്ട്. സ്‌കൂളിലെത്തുന്ന ഓരോ കുട്ടിയുടെയും സവിശേഷതകളും പരിമിതികളും തിരിച്ചറിഞ്ഞ് വേണ്ട ഇടപെടലുകള്‍ നടത്തണം. വ്യക്തിപരമായ കഴിവുകളും മികവും പരമാവധി പരിപോഷിപ്പിക്കണം. മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റ്പാടുകളും കുട്ടികള്‍ക്ക് നല്‍കാന്‍ സ്‌കൂള്‍തല സുരക്ഷ സമിതികള്‍ക്ക് കഴിയണം. ജില്ലയിലെ എല്ലാ മേഖലകളിലും ബാലസൗഹൃദ അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനും കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമാണ് കൂടിയാലോചന യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അവര്‍ പറഞ്ഞു.

കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ ബാലാവകാശ കമ്മീഷന്റെ മുന്നില്‍ വിവിധ വകുപ്പുകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. ഗോത്ര മേഖലയിലെ കുട്ടികളുടെ സാമൂഹികാന്തരീക്ഷം, പഠനം തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വകുപ്പ് മേലധികാരികള്‍ ബാലാവകാശ കമ്മീഷനെ ബോധിപ്പിച്ചു. സാമ്പ്രദായിക രീതികള്‍ പിന്തുടര്‍ന്ന് വരുന്ന വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ പരിഷ്‌കരണത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടേണ്ടതുണ്ടെന്ന് യോഗം നിര്‍ദ്ദേശിച്ചു. ലൈംഗിക വിദ്യാഭ്യാസം, ലഹരി വസ്തുക്കളുടെ അമിത ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുകയും, സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ട്രൈബല്‍ എഡ്യുക്കേഷണല്‍ സപ്പോര്‍ട്ട് സിസ്റ്റം നിലവില്‍ വരുത്തേണ്ടതിന്റെ ആവശ്യകത, കോളനികളില്‍ ട്രൈബല്‍ അധ്യാപകരുടെ സഹായത്തോടെ പഠന കേന്ദ്രങ്ങള്‍ ആരംഭിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് കമ്മീഷന് ലഭിച്ചു. കോവിഡ് പശ്ചാത്തലത്തിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ രീതികള്‍ കുട്ടികളില്‍ ഉണ്ടാക്കിയ ശാരീരിക മാനസിക സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് കൃത്യമായ പഠനവും പരിഹാരമാര്‍ഗങ്ങളും അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. കുട്ടികളുടെ കൊഴിഞ്ഞ്‌പോക്ക്, ശിശു സൗഹൃദാന്തരീക്ഷത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും, പോലീസ് വകുപ്പിന്റെയും സഹായത്തോടെ വിദ്യാലയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നതിനുള്ള സന്നദ്ധത പോലീസ് അധികൃതര്‍ കമ്മീഷനെ അറിയിച്ചു. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കണം, പല വിദ്യാലയ കെട്ടിടങ്ങളിലെയും വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ നല്‍കി.

യോഗത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ആര്‍.റ്റി.ഇ സെല്‍ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ കെ. ലതിക, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി. ജയരാജന്‍, ഡി.ഡി.ഇ കെ.വി. ലീല, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ്കുമാര്‍, വിവിധ വകുപ്പ് മേലധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *