പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭം ഒരുക്കുന്നു

Wayanad

ജില്ലയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കായി റബ്‌കോ തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുന്നു. സങ്കല്‍പ് (സ്‌കില്‍ അക്വസിഷന്‍ ആന്റ് നോളജ് അവെയര്‍നെസ് ഫോര്‍ ലൈവ്‌ലിഹുഡ് പ്രമോഷന്‍) എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ്, സംസ്ഥാന നൈപുണ്യ വികസന മിഷനായ കെ.എ.എസ്.ഇ (കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്) എന്നിവരുടെ സഹകരണത്തോടെയാണ് സംരംഭങ്ങള്‍ തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഭിന്നശേഷിക്കാരായിരിക്കും പദ്ധതിയിലൂടെ സംരംഭകരാവുക. വീട്ടുപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ മിച്ചം വരുന്ന മരത്തടികള്‍ ഉപയോഗിച്ച് വിവിധ ഉത്പന്നങ്ങള്‍, പി.യു ചപ്പലുകള്‍ എന്നിവ നിര്‍മ്മിക്കുന്ന സംരംഭങ്ങള്‍ക്കാണ് റബ്‌കോ സൗകര്യമൊരുക്കുക. ഇതിനാവശ്യമായ ടെക്‌നിക്കല്‍ സപ്പോര്‍ട്ട്, മെഷീനുകള്‍ എന്നിവ റബ്‌കോ നല്‍കും. ഉത്പന്നങ്ങളുടെ വിപണനവും റബ്‌കോ ഏറ്റെടുക്കും. സംരംഭകര്‍ക്ക് ആവശ്യമായ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കിയ ശേഷമായിരിക്കും സംരംഭങ്ങള്‍ തുടങ്ങുക. സംരംഭം തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിനായി സാമൂഹ്യനീതി വകുപ്പ് പ്രപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ എ. ഗീതയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. അശോകന്‍, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍, ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ (കെ.എ.എസ്.ഇ) കെ.എ. രജ്ഞിത് കുമാര്‍, കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് മാനേജിംങ് ഡയറക്ടര്‍ പി.വി. ഹരിദാസന്‍, ഡെപ്യൂട്ടി മാനേജര്‍ മോന്‍സണ്‍ ജോസഫ്, റബ്‌കോ പ്രോജക്ട് മാനേജര്‍ എം.കെ. ശ്രീജിത്ത് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *