ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണവൈറസ് വകഭേദം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഈ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മുന്നറിയിപ്പ് നൽകി.
ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി പ്രസ്താവനയിൽ പറഞ്ഞു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്ന് അധികൃതർ പറയുന്നു. വളരെ കുറച്ചുപേരിൽ മാത്രമാണ് നിലവിൽ ഈ വകഭേദത്തിൻറെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസ് (എൻഐസിഡി) വ്യാഴാഴ്ച അറിയിച്ചു.