യുവനിര അണിനിരക്കുന്ന ചിത്രം ജാൻ എ മൻ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും സിനിമ പല തിയേറ്ററുകളിൽ നിന്നും മാറ്റുന്നു എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. കാവൽ ഉൾപ്പടെയുള്ള വൻകിട സിനിമകളുടെ റിലീസിന് വേണ്ടിയാണ് തിയേറ്റർ ഉടമകൾ ചിത്രം ഒഴിവാക്കുന്നത്.
ചെറുകിട സിനിമകൾക്ക് തിയേറ്റർ ഉടമകൾ കരാർ ഒപ്പിടാറില്ല. സൂപ്പർതാര ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ പല തിയേറ്റർ ഉടമകളും എല്ലാ സ്‌ക്രീനുകളും ഈ സിനിമകൾക്ക് നൽകുന്നു. ഈ അവസ്ഥയിൽ നഷ്ടം ഉണ്ടാകുന്നത് ചെറുകിട സിനിമകളുടെ നിർമാതാക്കൾക്ക് മാത്രമാണ്. ഫിയോക് ഉൾപ്പടെയുള്ള സിനിമ സംഘടനകൾ വിഷയത്തിൽ ഇടപെടണം എന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആവശ്യപ്പെടുന്നു.