ഇത്തവണത്തെ ഓണവും വിഷുവും കോവിഡ് രണ്ടാം തരംഗത്തിൽ മുങ്ങി പോയതോടെ, മലയാള സിനിമാ വ്യവസായം ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ഒരു സീസൺ ആണ് ക്രിസ്മസ്. രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ വന്ന കുറുപ്പ് എന്ന ദുൽഖർ ചിത്രം മികച്ച വിജയം നേടിയത് തീയേറ്ററുകൾക്കു ഒരു ഉണർവോക്കെ നൽകിയിട്ടുണ്ട്. ഇനി അവർക്കു പ്രതീക്ഷ നൽകുന്നത് സുരേഷ് ഗോപി നായകനായ കാവലും അതുപോലെ മലയാളത്തിലെ ഏറ്റവും വലിയ താരത്തിന്റെ ഏറ്റവും വലിയ ചിത്രമെന്ന ഖ്യാതിയുമായി എത്തുന്ന മോഹൻലാൽ ചിത്രം മരക്കാരും ആണ്. എന്നാൽ ഇവ രണ്ടും എത്തുന്നത് യഥാക്രമം നവംബർ 25, ഡിസംബർ 2 എന്നീ തീയതികളിൽ ആണ്. ഇത്തവണ ക്രിസ്മസിനോട് അനുബന്ധിച്ചു എത്തുന്നത് മറ്റു ഏഴു ചിത്രങ്ങളാണ്. അതിൽ നാലെണ്ണം തീയേറ്ററുകളിൽ എത്തുമ്പോൾ മറ്റു മൂന്നെണ്ണം ഒറ്റിറ്റി റിലീസ് ആയാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അല്ലു അർജുൻ- ഫഹദ് ഫാസിൽ ടീമിന്റെ പുഷ്പ എന്ന തെലുങ്കു ചിത്രവും, നിവിൻ പോളി- രാജീവ് രവി ടീമിന്റെ തുറമുഖവും, ലാൽജോസ് ഒരുക്കിയ സൗബിൻ ഷാഹിർ ചിത്രം മ്യാവുവും ആസിഫ് അലിയുടെ കുഞ്ഞേൽദോയുമാണ് തീയേറ്ററിൽ എത്തുന്ന നാല് ചിത്രങ്ങൾ എന്നാണ് സൂചന.