കേരളോത്സവം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തും

Kerala

ഈ വർഷത്തെ കേരളോത്സവം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കും. കലാമത്സരങ്ങൾ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങൾ ഒഴിവാക്കി. മത്സരാർത്ഥികൾക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 25 മുതൽ 30 വരെ നടക്കും. മത്സരാർത്ഥികൾക്കും ക്ലബ്ബുകൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്ന സമയത്ത് മത്സരാർത്ഥികൾക്ക് ഒരു രജിസ്റ്റർ നമ്പറും കോഡ് നമ്പറും ലഭിക്കും. ഈ രജിസ്റ്റർ നമ്പർ ഉപയോഗിച്ചാണ് അടുത്തഘട്ടത്തിൽ മത്സരങ്ങളുടെ വീഡിയോകൾ റെക്കോഡ് ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സംസ്ഥാനതല മത്സരത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനായി നിശ്ചിത സമയം ലഭിക്കും.
രജിസ്‌ട്രേഷനെ കുറിച്ചും വീഡിയോ അപ്‌ലോഡിംഗിനെ സംബന്ധിച്ചുമുള്ള വിവരം www.keralotsavam.com ൽ ലഭിക്കും.
ഈ വർഷം കലാമത്സര ഇനങ്ങളിൽ ഉപന്യാസ രചന, കവിതാരചന, കഥാരചന, ചിത്രരചന, കാർട്ടൂൺ, കളിമൺ ശിൽപനിർമ്മാണം, ഫ്‌ളവർ അറേഞ്ച്‌മെന്റ്, ക്വിസ് മത്സരം, ചെണ്ടമേളം, മൈലാഞ്ചിയിടൽ എന്നിവ ഒഴിവാക്കി 49 ഇനം കലാമത്സരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനതല കേരളോത്സവത്തിൽ കലാവിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻമാരാകുന്നവർക്ക് പ്രത്യേകം ട്രോഫി നൽകും. ക്യാഷ് അവാർഡുകളുമുണ്ട്. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് രാജീവ്ഗാന്ധി സ്മാരക എവർ റോളിങ് ട്രോഫി നൽകും.

Leave a Reply

Your email address will not be published. Required fields are marked *