മത്സ്യബന്ധനത്തിനായി കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും

Kerala

മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭിക്കാത്തതും മണ്ണെണ്ണയുടെ ഉയർന്ന വിലയും കേരളത്തിലെ മത്സ്യബന്ധനമേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കുവാൻ കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കാൻ കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മത്സ്യബന്ധനത്തിനായി 51000 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യപ്പെട്ടുകൊണ്ട് കേരളം നേരത്തെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നുവെങ്കിലും 3084 കിലോ ലിറ്റർ മാത്രമാണ് അനുവദിക്കപ്പെട്ടത്. നിലവിൽ ലഭ്യമായ മണ്ണെണ്ണ ഉടൻ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
അർഹരായിട്ടുള്ള എല്ലാ യാനങ്ങൾക്കും മണ്ണെണ്ണ പെർമിറ്റ് ലഭിക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും ജോയിന്റ് വെരിഫിക്കേഷൻ വേഗം പൂർത്തീകരിക്കും. കേന്ദ്രത്തിൽ നിന്നും കൂടുതൽ മണ്ണെണ്ണ ലഭ്യമാകുന്ന മുറയ്ക്ക് അത് മത്സ്യത്തൊഴിലാളികൾക്ക് സഹായകരമാകുന്ന രൂപത്തിൽ ഹാർബറുകളിലെ മത്സ്യഫെഡ് ബങ്കുകൾ വഴി വിതരണം ചെയ്യാനുള്ള സാധ്യത പഠിച്ചു ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംയുക്ത സമിതി രൂപീകരിച്ചു. ഫിഷറീസ്, സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, മത്സ്യഫെഡ് എം.ഡി, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവരാണ് സമിതി അംഗങ്ങൾ. യോഗത്തിൽ ഓയിൽ കമ്പനി പ്രതിനിധികൾ, മണ്ണെണ്ണ മൊത്തവിതരണക്കാർ, സിവിൽസപ്ലൈസ്, ഫിഷറീസ്, മത്സ്യഫെഡ് ഉന്നതോദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *