നിത്യോപയോഗ പച്ചക്കറിയായ തക്കാളിക്ക് തീവില. കിലോക്ക് 65 രൂപയാണ് ചില്ലറവില. കർണാടകയിൽനിന്നാണ് പ്രധാനമായും തക്കാളി വരുന്നത്. ഈ ഭാഗങ്ങളിൽ അടുത്തിടെ മഴ പെയ്ത് കൃഷിനാശമുണ്ടായതാണ് വില കൂടാൻ കാരണമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. ഒരു പെട്ടിക്ക് 1600 രൂപയാണ് ഇവർ ഈടാക്കുന്നത്.
ലഭിക്കുന്ന തക്കാളിയാവട്ടെ പാകമാവാത്തവയും. ഈ വർഷാദ്യം കിലോക്ക് 10 രൂപക്ക് വരെ തക്കാളി വിറ്റിരുന്നു. ലോറികളിലെത്തിയ തക്കാളി ലോഡുകൾ വിൽപനയാവാത്തതിനാൽ വഴിയിൽ തള്ളിയ സംഭവവും ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന വെണ്ടയ്ക്കക്കും വില കുതിക്കുകയാണ്. 100 രൂപയാണ് ചില്ലറ വിൽപന നിരക്ക്. കാരറ്റിന് ചില്ലറ വില എൺപതും മൊത്ത വില 65 രൂപയുമായി. പച്ചമുളക്, കക്കിരി തുടങ്ങിയവക്കാണ് താരതമ്യേന വിലവർധനയില്ലാത്തത്. വർധിച്ചു വരുന്ന വിലവർധന കുടുംബബജറ്റിനെ താളംതെറ്റിക്കുകയാണ്.