മുസ്ലിം സമുദായത്തിന് നഷ്ടമല്ല, ലാഭമാണ്

Kerala Wide Live Special

വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക്;

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം മുസ്ലിം സമുദായത്തിനകത്ത് വിവിധ തലങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. കേരളത്തിലെ സുന്നി സംഘടനകളുടെ ദീര്‍ഘ കാലത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ നടപ്പിലാക്കപ്പെടുന്നത്. കേരളത്തിലെ വഖഫ് ബോര്‍ഡിന്റെയും വഖഫ് സ്വത്തുക്കളുടെയും മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെയും സൂക്ഷ്മ ചരിത്രം അറിയുന്നവരെ സംബന്ധിച്ചടുത്തോളം നിര്‍ണ്ണായകമായ മാനങ്ങള്‍ ഉള്ള തീരുമാനം എന്നു തന്നെ വേണം ഈ നീക്കത്തെ വിശേഷിപ്പിക്കാന്‍. കാലങ്ങളോളമായി കൊട്ടിയടക്കപ്പെട്ട വഖഫ് ബോര്‍ഡിന്റെ വാതിലുകള്‍ കേരളാ മുസ്ലിംകളിലെ വലിയൊരു വിഭാഗത്തിനു മുന്നില്‍ തുറക്കപ്പെടുകയാണ്. ആ അര്‍ഥത്തില്‍, ദേവസ്വം ബോര്‍ഡില്‍ ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനു സമാനമായ നീക്കമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തിലും നടക്കുന്നത് എന്ന് അനുമാനിക്കാം.
മുസ്ലിംകള്‍ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം, അല്ലെങ്കില്‍ മുഴുവനും തന്നെയും, സമുദായത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി നീക്കി വെക്കുന്ന സമ്പ്രദായമാണ് വഖഫ്. ചരിത്രപരമായി തന്നെ മുസ്ലിംകള്‍ അവരുടെ മതപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് വഖഫ് സ്വത്തുക്കളിലൂടെയാണ്. മുസ്ലിം നാഗരികത വളര്‍ന്നു വികസിച്ച സമൂഹങ്ങളില്‍ എല്ലാം തന്നെ അതിന്റെ അടിസ്ഥാന കാരണമായി പ്രവര്‍ത്തിച്ചത് വഖഫ് സ്വത്തുക്കള്‍ ആണെന്നു കാണാം. മികച്ച ലൈബ്രറികള്‍, കുടിവെള്ള പദ്ധതികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, യാത്രികര്‍ക്ക് താമസിക്കാനുള്ള മുസാഫിര്‍ ഖാനകള്‍ എല്ലാം തന്നെ സ്ഥാപിക്കപ്പെട്ടത് വഖഫിലൂടെയാണ്. ലോകത്തെ തന്നെ ആദ്യത്തെ സര്‍വ്വകലാശാലയായി കണക്കാക്കപ്പെടുന്ന മൊറോക്കോയിലെ ഖറവിയ്യീന്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ഫാഥ്വിമ അല്‍ ഫിഹ്രി ആണ്. വ്യാപാരിയായ തന്റെ പിതാവില്‍ നിന്നും അനന്തരമായി ലഭിച്ച സ്വത്ത് വഖഫ് ചെയ്താണ് ഫാഥ്വിമ അല്‍ ഫിഹ്രി ആ സര്‍വകലാശാല സ്ഥാപിച്ചത്. കോഴിക്കോട് ചാലിയത്തെ പ്രസിദ്ധമായ ലൈബ്രറിക്കു വേണ്ടി തന്റെ പുസ്തകങ്ങള്‍ വഖഫ് ചെയ്യുക മാത്രമല്ല അഹമ്മദ് കോയ ശാലിയാത്തി ചെയ്തത്. ആ ലൈബ്രറിയില്‍ എത്തുന്ന പഠിതാക്കള്‍ക്ക് മൂന്നു ദിവസം താമസിക്കാനും ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള സ്വത്ത് കൂടി വഖഫ് ചെയ്തിരുന്നു. വഖഫ് മുസ്ലിംകള്‍ക്കിടയില്‍ നിര്‍വഹിക്കുന്ന സാമൂഹിക ദൗത്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ തന്നെ ധാരാളം.

കേരളത്തിലെ വഖഫ് സ്വത്തുക്കളില്‍ 99 ശതമാനവും സുന്നികളുടെതാണ്. വഖഫ് ചെയ്ത ആളുകളുടെ ഉദ്ദേശ്യ ലക്ഷ്യത്തില്‍ നിന്നും വിഭിന്നമായി ഈ വക സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ പാടില്ല എന്നതാണ് ഇസ്ലാമിക നിയമം. വിശ്വാസികള്‍ അവരുടെ പാരത്രിക മോക്ഷം ആഗ്രഹിച്ചാണ് സ്വത്തുക്കള്‍ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി വഖഫ് ചെയ്യുന്നത്.

മരണപ്പെട്ടുപോയവരോടുള്ള മുസ്ലിംകളുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗം കൂടിയാണ് വഖഫ് സ്വത്തുക്കള്‍ നേരാംവിധം നോക്കി നടത്തുക എന്നത്. എന്നാല്‍ കേരളത്തില്‍ ഈ ലക്ഷ്യം വലിയ തോതില്‍ അട്ടിമറിക്കപ്പട്ടതായി കാണാം. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വഖഫ് സ്വത്തുക്കള്‍ വലിയ തോതില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. വിഭജനാനന്തര ഇന്ത്യയില്‍ രൂപപ്പെട്ട പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദുര്‍ബലമായിപ്പോയ മുസ്ലിം സാമുദായികതയാണ് ഈ അന്യാധീനപ്പെടലിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കളുടെ കണക്ക് നമ്മുടെ കണ്ണു തള്ളിപ്പിക്കും. ഇതേ കുറിച്ചൊക്കെയുള്ള വിശദമായ പഠനങ്ങള്‍ കേന്ദ്ര വഖഫ് ബോര്‍ഡും മറ്റു പല ഏജന്‍സികളും പല കാലങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. താരതമ്യേന പ്രബലമാണ് കേരളത്തിലെ മുസ്ലിം സാമുദായിക അന്തരീക്ഷം. എന്നിട്ടും കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയും അനര്‍ഹമായി കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. സമുദായത്തിനകത്തെ തന്നെ ഉള്‍പ്പിരിവുകളും ആ ഉള്‍പ്പിരിവുകളെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെ സ്വഭാവവും സമീപനങ്ങളുമാണ് ഇക്കാര്യത്തിലെ പ്രധാന കാരണമായി പ്രവര്‍ത്തിച്ചത്. സമുദായത്തിനകത്തെ രാഷ്ട്രീയവും മതപരവുമായ പോരാട്ടത്തിന്റെ വേദിയായി വഖഫ് ബോര്‍ഡും വഖഫ് സ്വത്തുക്കളും മാറി. അങ്ങിനെയാണ് കേരളത്തിലെ വഖഫ് ബോര്‍ഡിലെ പ്രധാന കൈകാര്യ കര്‍ത്താക്കളായി മുസ്ലിം ലീഗിലെ ഒരു വിഭാഗത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആയി സലഫികള്‍ വലിയ തോതില്‍ റിക്രൂട്ട് ചെയ്യപ്പെട്ടത്. വഖഫ് ബോര്‍ഡില്‍ നടന്ന നിയമന അട്ടിമറികളാണ് ഇതിനു വഴിയൊരുക്കിയത്. ഇതോടെ വഖഫ് സംബന്ധിച്ച അടിസ്ഥാന ഇസ്ലാമിക തത്വങ്ങള്‍ പോലും ലംഘിക്കപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുക, അനര്‍ഹമായി കൈകാര്യം ചെയ്യപ്പെടുക, വഖഫ് സംബന്ധിച്ച നിയമ പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും നീതി നിഷേധിക്കപ്പെടുക തുടങ്ങിയവ പതിവായി മാറി. സമുദായ രാഷ്ട്രീയത്തിന്റെ താല്പര്യങ്ങളും മുന്‍ഗണനകളും സലഫികളുടെ മതകീയ താല്പര്യങ്ങളും വഖഫ് ബോര്‍ഡില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചപ്പോള്‍ ആണ് ഇത് സംഭവിച്ചത്. കേരളത്തില്‍ അന്യാധീനപ്പെട്ടുപോയ വഖഫ് സ്വത്തുക്കളെക്കുറിച്ചുള്ള ശരിയാം വിധത്തിലുള്ള പഠനങ്ങള്‍ പോലും നടന്നിട്ടില്ല എന്നതാണ് വാസ്തവം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിയോഗിക്കപ്പെട്ട നിസാര്‍ കമ്മീഷന്‍ പോലും കാര്യങ്ങളെ സമഗ്രമായും സൂക്ഷമമായും കണ്ടുള്ള റിപ്പോര്‍ട്ട് അല്ല സമര്‍പ്പിച്ചത്.

വിവിധ കാലങ്ങളില്‍ വഖഫ് ബോര്‍ഡില്‍ നടന്ന രാഷ്ട്രീയ നിയമങ്ങളാണ് ഈ അനീതിയുടെ നട്ടെല്ലായി പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ നേതൃത്വം ഇച്ഛിക്കുന്നതിലും അപ്പുറം കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്ന ഒരു വലിയ ഉദ്യോഗസ്ഥ വൃന്ദം തന്നെ ഇതുവഴി വഖഫ് ബോര്‍ഡില്‍ സ്ഥാപനവത്കരിക്കപ്പെട്ടു. കേരളത്തിലെ സലഫികള്‍ക്കിടയില്‍ നിന്നുള്ളവരായിരുന്നു ഈ ഉദ്യോഗസ്ഥ കൂട്ടായമയിലെ തൊണ്ണൂറു ശതമാനവും. സലഫികളും സാമുദായിക രാഷ്ട്രീയത്തിലെ ചില പ്രബല വിഭാഗങ്ങളും സംയുക്തമായി കൊണ്ടുപോകുന്ന ഒരു സംരംഭം ആയി വഖഫ് ബോര്‍ഡ് മാറി. അങ്ങിനെ ഒരു ഭാഗത്ത് കോടിക്കണക്കിനു രൂപയുടെ വഖഫ് സ്വത്തുക്കള്‍ ചില പ്രബല കുടുംബങ്ങളും ഭൂമാഫിയകളും അന്യാധീനപ്പെടുത്തിയപ്പോള്‍ മറുഭാഗത്ത് സമുദായത്തിന്റെ പൊതു നന്മയും വികസനവും, പ്രത്യേകിച്ചും വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി സ്ഥാപിച്ച വഖഫ് സ്വത്തുക്കള്‍ മുസ്ലിംകള്‍ക്കിടയിലേ കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറി. മുസ്ലിം ലീഗിലെ പിളര്‍പ്പിന്റെ കാലത്ത് സുന്നികളുടെ നോമിനിയായി ആദ്യമായി അക്കാലത്തെ സമസ്ത ജനറല്‍ സെക്രട്ടറി ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ വഖഫ് ബോര്‍ഡില്‍ അംഗമായപ്പോള്‍ അദ്ദേഹത്തിന്റെ അംഗത്വത്തെ പരിഹസിച്ചു കൊണ്ട് അക്കാലത്ത് ചന്ദ്രിക, മാപ്പിള നാട് തുടങ്ങിയ മുസ്ലിം ലീഗ് പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി വാര്‍ത്തകള്‍ വരാറുണ്ടായിരുന്നു.

പരമ്പരാഗത സുന്നി മുസ്ലിംകളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കുതന്ത്രങ്ങളിലൂടെയും വ്യാജ രേഖകള്‍ ചമച്ചും തട്ടിയെടുക്കാന്‍ വഴിയൊരുക്കിയത് വഖഫ് ബോര്‍ഡില്‍ രാഷ്ട്രീയ നിയമനം നേടിയ ഉദ്യോഗസ്ഥ ലോബിയാണ്. സുന്നികളുടെ വഖഫ് സ്വത്തുക്കള്‍ സലഫികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള സംവിധാനമായി വഖഫ് ബോര്‍ഡ് മാറി. നിയമ പോരാട്ടങ്ങളില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചു. കോഴിക്കോട് നഗര പരിധിയില്‍ മാത്രം 20 ലധികം പള്ളികള്‍ സലഫികള്‍ ഇങ്ങിനെ തട്ടിയെടുത്തിട്ടുണ്ട്. എല്ലാം സുന്നികള്‍ വഖഫ് ചെയ്തവ. സലഫികള്‍ എതിര്‍ക്കുന്ന സൂഫീ പ്രമുഖരായ മുഹ്യദ്ധീന്‍ ശൈഖിന്റെ പേരിലുള്ള പാളയത്തെ മുഹ്യദ്ധീന്‍ പള്ളിയും ശാദുലി പള്ളിയും സലഫികളുടെ കൈയില്‍ എത്തിപ്പെട്ടത് ഇത്തരം രാഷ്ട്രീയ താല്പര്യങ്ങളിലൂടെയാണ്. ചരിത്രപരമായ ഇത്തരം ദുര്യോഗങ്ങള്‍ക്കു മാറ്റം വരാന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം സഹായകമാകും.

പി .എസ്.സി. നിയമനം വഴി സമുദായത്തിലെ കഴിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേഖലയില്‍ എത്തിപ്പെടും. രാഷ്ട്രീയ നിയമനങ്ങള്‍ കാരണം കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കപ്പെട്ട സ്ഥിതി മാറുന്നത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം ഉണ്ടാകാനും അതുവഴി സമുദായത്തിന്റെ പൊതു താല്‍പര്യങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടാനും സഹായകമാകും. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ഇത് കൂടുതല്‍ ജനാധിപത്യവത്കരിക്കുകയും പ്രവര്‍ത്തനങ്ങള്‍ സുതാര്യതമാക്കുകയും ചെയ്യും. നിരീശ്വരവാദികളായ കാനേഷുമാരി മുസ്ലിംകള്‍ വഖഫ് സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥിതി സംജാതമാകില്ലേ എന്നാണു ഈ നീക്കത്തെ വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത്. മഖാമുകളും മറ്റും അടങ്ങുന്ന വഖഫ് സ്വത്തുക്കളുടെ കൈകാര്യ കര്‍ത്താക്കളായി സലഫികളെ നിയമിച്ചവര്‍ ആണ് ഈ സംശയം ഉന്നയിക്കുന്നത് എന്നതാണ് വിരോധാഭാസം. ഒരു സുന്നികളുടെ വഖഫ് സ്ഥാപനങ്ങള്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല എന്ന കാര്യവും ഓര്‍ക്കണം.

പി.എസ്.സി. വിടുമ്പോള്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരെ മാത്രമേ നിയമിക്കൂ എന്നതിനാല്‍ സമുദായത്തിന് ഒരു നഷ്ടവും സംഭവിക്കുന്നുമില്ല. അതുറപ്പുവരുത്താന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ പുതിയ ബില്ലില്‍ ഉണ്ട്. കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലേ കക്ഷി രാഷ്ട്രീയ തര്‍ക്കങ്ങളുടെ ഭാഗമായി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതി മാറണം. അതിനു സര്‍ക്കാരിന്റെ പുതിയ നീക്കം സഹായകമാകും. കേരളത്തിലെ മുസ്ലിം സൂക്ഷ്മ രാഷ്ട്രീയത്തില്‍ ഈ നീക്കത്തിനു വലിയ അനുരണങ്ങള്‍ ഉണ്ടാകും. ആ അനുരണങ്ങള്‍ ഈ സമുദായത്തിന്റെ പൊതു താല്പര്യങ്ങളെ സ്വാധീനിക്കുകയും ഗുണപരമായ മാറ്റങ്ങള്‍ സാധ്യമാക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കാം.

സമുദായത്തിന്റെ പൊതു താല്പര്യങ്ങളെയും വാഖിഫുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെയും മുന്‍ നിര്‍ത്തി വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടാകാന്‍ പി.എസ്.സി. നിയമനങ്ങള്‍ സഹായിക്കും. രാഷ്ട്രീയ താല്പര്യങ്ങളും വഖഫ് സ്വത്തുക്കളില്‍ കച്ചവട കണ്ണുള്ളവരും സുന്നികളുടെ അധ്വാനവും സമ്പത്തും ചുളുവില്‍ അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും മാത്രമേ പുതിയ നീക്കത്തെ എതിര്‍ക്കുകയുള്ളൂ.
-റഹ്മത്തുല്ല സഖാഫി എളമരം

Leave a Reply

Your email address will not be published. Required fields are marked *