ജയ്പുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് 165 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 70 റൺസെടുത്ത മാർട്ടിൻ ഗപ്റ്റിലിന്റെയും 63 റൺസ് നേടിയ മാർക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്കോർ നൽകിയത്.
ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ കിവീസ് ഓപ്പണർ ഡാരിൽ മിച്ചലിനെ ക്ലീൻ ബൗൾഡാക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങാനായിരുന്നു മിച്ചലിന്റെ വിധി.
മിച്ചലിന് പകരം യുവതാരം മാർക്ക് ചാപ്പ്മാൻ ക്രീസിലെത്തി. ചാപ്പ്മാനും ഗപ്റ്റിലും അതീവശ്രദ്ധയോടെയാണ് കളിച്ചുതുടങ്ങിയത്. ബാറ്റിങ് പവർപ്ലേയിൽ ന്യൂസീലൻഡ് 41 റൺസെടുത്തു. ചാപ്മാൻ ആക്രമിച്ച് കളിച്ചപ്പോൾ ഗപ്റ്റിൽ സിംഗിളുകളുമായി കളം നിറഞ്ഞു. 7.2 ഓവറിൽ കിവീസ് 50 റൺസെടുത്തു.