സാൻ യുവാൻ: ബുധനാഴ്ച പുലർച്ചെ നടന്ന ദക്ഷിണ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അർജന്റീനയ
ലോകകപ്പ് യോഗ്യത നേടി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റതോടെയാണ് അർജന്റീന ഔദ്യോഗികമായി ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.
ഇരു ടീമും കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന മത്സരത്തിൽ കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചർ ബ്രസീൽ ഗോളി ആലിസൺ തടുത്തിട്ടത് മത്സരഫലത്തിൽ നിർണായകമായി. 61-ാം മിനിറ്റിൽ ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിനും തിരിച്ചടിയായി.