സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍. അര്‍ധ സെഞ്ച്വറികളുമായി തകര്‍ത്തടിച്ച നായകന് സഞ്ജു സാംസണിന്റേയും ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്റേയും മികവിലാണ് കേരളം എട്ട് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികള്‍.
ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 146 റണ്‍സ് വിജയലക്ഷ്യം കേരളം മൂന്ന് പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയയായിരുന്നു. കേരളത്തിനായി മുഹമ്മദ് അസറുദ്ദീന് 57 പന്തില്‍ നാല് ഫോറും രണ്ട് സിക്സും സഹിതം 60 റണ്‍സെടുത്ത് പുറത്തായി. നായകന് സഞ്ജു സാംസണ് 39 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 52 റണ്‍സാണ് സ്വന്തമാക്കിയത്.