കോവിഡ് പ്രതിരോധവാക്‌സിന്റെ ഒരുഡോസെങ്കിലും എടുത്തിട്ടില്ലാത്തവർക്ക് റേഷൻകടകളിൽനിന്ന് പലചരക്കുസാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്നും മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്. ജില്ലയിൽ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയിൽ മുന്നേറുന്നില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഈ നടപടി. കോവിഡ് വാക്‌സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചവർക്കുമാത്രം റേഷൻസാധനങ്ങൾ നൽകിയാൽ മതിയെന്നു കാണിച്ച് കളക്ടർ സുനിൽ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഗ്യാസ് ഏജൻസികൾക്കും പെട്രോൾപമ്പുകൾക്കും സമാനനിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകൾക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.