മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് സ്വപ്ന സുരേഷ്. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും എല്ലാ സംശയങ്ങൾക്കും മറുപടി ഉണ്ടാകുമെന്നും സ്വപ്ന പറഞ്ഞു.കുറേ കാര്യങ്ങൾ പറയാനുണ്ടെന്ന് സ്വപ്നയുടെ മാതാവ് പ്രഭ സുരേഷ് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് സ്വപ്‌ന പുറത്തിറങ്ങിയത്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയതിനെ തുടർന്ന് ജൂലൈ 11ന് ബംഗളൂരുവിൽ നിന്നാണ് സ്വപ്ന അറസ്റ്റിലായത്.പിന്നീട് കാക്കനാട്, വിയ്യൂർ ജയിലുകളിൽ കഴിഞ്ഞശേഷം കോഫെപോസെ തടവുകാരിയായി ഒരു വർഷത്തോളമായി അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു. ആറ് കേസുകളിൽ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ജയിൽ മോചിതയായത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് ഉപാധികൾ.സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്ന സുരേഷ്, പി.എസ് സരിത് മുഹമ്മദ് ഷാഫി, എം.എം.ജലാൽ, റബിൻസ്, കെ.ടി.റമീസ്, കെ.ടി.ഷറഫുദ്ദീൻ, മുഹമ്മദലി എന്നീ എട്ടു പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കുറ്റപത്രത്തിൽ പറയുന്ന, യുഎപിഎ വകുപ്പുകളുടെ അടിസ്ഥാനത്തിലുള്ള ഭീകര പ്രവർത്തനവുമായി പ്രതികൾക്കു ബന്ധമുണ്ടെന്നു പറയാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വിചാരണവേളയിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞു.