കുവൈത്തിൽ കോവിഡ് പ്രതിസന്ധി പൂർണമായി അവസാനിച്ചിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി. കുത്തിവെപ്പെടുക്കാത്തവർ ആൾക്കൂട്ടങ്ങളിൽ പ്രവേശിക്കരുതെന്നും ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ നിർദേശിച്ചു. പ്രതിരോധ കുത്തിവെപ്പിൽ പുരോഗതി കൈവരിക്കാനായതുകൊണ്ടാണ് കുവൈത്തിൽ കോവിഡ് കേസുകൾ കുറഞ്ഞതെന്നു കൊറോണ സുപ്രീം അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറുല്ല പറഞ്ഞു. ഇനിയും കുത്തിവെപ്പെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം മുന്നോട്ടുവരണം. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ടെങ്കിലും വിവിധ രാജ്യങ്ങളിൽ ഇപ്പോഴും രോഗഭീതി നിലനിൽക്കുന്നുണ്ട്. തണുപ്പുകാലം വരാനിരിക്കെ ജാഗ്രത ശക്തമാക്കേണ്ടതുണ്ട്. കുത്തിവെപ്പെടുക്കാത്തവർ ആൾക്കൂട്ടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കണം. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ചിലയാളുകൾ വീഴ്ച വരുത്തുന്നുണ്ട്. സ്വയം നിയന്ത്രണവും ജാഗ്രതയുമാണ് അധികൃതരുടെ നിർബന്ധത്തേക്കാൾ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.