അതെ വയസ് ചിലർക്ക് ഒരു നമ്പർ മാത്രമാണ്. മനസ്സിനെ മനസ്സിലാക്കിയാൽ മനസ്സിനെ തുരുമ്പെടുക്കാൻ ആരും സമ്മതിക്കില്ല. എന്നും തേച്ചുമിനുക്കി മൂർച്ച കൂടിയാൽ ജീവിതത്തിൽ പലതും വെട്ടിപ്പിടിക്കാനാവും. വിശ്വവിഖ്യാതനായ ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ അതി സുന്ദരമായ ശില്പമാണ് “ഡേവിഡ് ” കല്ലിൽ നിന്ന് കൊത്തിയെടുത്ത ഈ ശില്പം ഇന്നും ലോകമെമ്പാടുമുള്ള കാഴ്ചക്കാരിൽ വിസ്മയം സൃഷ്ടിക്കുന്നുണ്ട്. ഈ ശില്പം പൂർത്തീകരിക്കപ്പെട്ടപ്പോൾ മൈക്കൽ അഞ്ചലോയോട് ഒരാൾ ഇങ്ങനെ ചോദിച്ചു
“താങ്കൾ ഒരുപാട് കാലം ഈ ശില്പം മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ടാവുമല്ലോ?
തികച്ചും അപ്രതീക്ഷിതമായ ഒരു മറുപടിയാണ് ആഞ്ചലോയിൽ നിന്നും കിട്ടിയത്
” എല്ലാ കല്ലിലും ഇതു പോലുള്ള ശില്പങ്ങൾ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒരു ശില്പി കല്ലിൽ നിന്ന് ആവശ്യമില്ലാത്ത ഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ ശില്പം പുറത്തേക്ക് വരുന്നു”.
അതെ ഈ ലോകത്തുള്ള എല്ലാ മനുഷ്യരിലും ഗാന്ധിജിയും ,അബ്ദുൽ കലാമും,എബ്രഹം ലിങ്കണും, . ഉദാത്ത ശില്ങ്ങളെന്ന പോലെ മഹദ് വ്യക്തിത്വങ്ങളും, പ്രായത്തെ പിറകിലാക്കിയ 70 കാരനായ സുന്ദരനായ മമ്മൂട്ടിയും 43 ൽ മിഡിയണിഞ്ഞ് നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സുന്ദരിയായ മഞ്ജു വാര്യരുമൊക്കെയാവാം നമുക്ക്.
ഏത് പാറക്കല്ലിനെയും കൊത്തി മിനുക്കാനുള്ള മൂർച്ചയുണ്ട് മനസ്സെന്ന ആയുധത്തിനെന്ന് നമ്മൾ മനസ്സിലാക്കണം. നമ്മൾ നമ്മെ തന്നെ കൊത്തിമിനുക്കി, എഡിറ്റ് ചെയ്ത് വൃത്തിയാക്കി ദിനം പ്രതി Refresh ചെയ്ത് നിലനിർത്തണം. 40 മുതൽ 60 വരെയാണ് അവസാന യൗവനം എന്ന് മന:ശ്ശാസ്ത്രം . 60 കഴിഞ്ഞാൽ പ്രായം എത്തി നോക്കി തുടങ്ങും അവിടെയും നമ്മുടെ ശരീരത്തിനെ വേണ്ടവിധത്തിൽ സംരക്ഷിച്ചാൽ പ്രായം കുറക്കാം. തലമുടിയുടെ നര കുറക്കാനുള്ള എളുപ്പവഴിയും അതാണ് . +ve stroke പരസ്പരം നൽകുക, പരസ്പരം -ve Stroke നൽകി പരസ്പരം ടെൻഷനാകുന്ന ഇൻജക്ഷൻ കുത്താതിരിക്കുക.
2 നമ്പറുകൾ മാത്രം നമ്മുടെ ക്രോണോളജിക്കൽ വയസ്സും ബയോളജിക്കൽ വയസും . ജീവിതപാതയിൽ സഞ്ചരിച്ച് അവസാന ഘട്ടം സമീപിക്കുമ്പോൾ എന്തുവികാരമാണ് ഒരാൾക്കുണ്ടാകുക? ഈ യാത്ര സഫലമായെന്ന് ചിന്തിക്കുന്ന എത്ര പേരുണ്ടാകും. പിന്നിട്ട ജീവിതഘട്ടങ്ങൾ വിജയകരമായി തരണം ചെയ്ത ഒരാൾക്കേ ജീവിത സാഫല്യമുണ്ടാകുകയുള്ളു. ഇങ്ങനെയുള്ള വ്യക്തികൾക്ക് വാർദ്ധക്യം സന്തോഷകരമായിരിക്കും. ഭൂതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ തനിക്കും തന്റെ ചുറ്റിലുമുള്ളവർക്ക് ഉത്കർഷമുണ്ടാകത്തക്ക രീതിയിൽ ജീവിച്ച ഒരാൾക്കേ സന്തോഷത്തിന് അവകാശമുള്ളു. പ്രായമാകുന്തോറും കേരളത്തിൽ തുടർവിദ്യാഭ്യാസത്തിന് തുല്യതാ പഠിതാക്കൾ വർദ്ധിച്ചു വരുന്നുണ്ട്. 89 വയസ്സ് വരെയുള്ളവർ ഹയർസെക്കണ്ടറി ഒക്കെ എഴുതി ഉന്നത പഠനത്തിന് ശ്രമിക്കുന്നത് കാണം.
അത്യപൂർവ്വമായി മാത്രം സാധിക്കുന്ന ഒരു കാര്യം ഈ 96 ആം വയസ്സിൽ ജുസേപ്പെ അപ്പൂപ്പനും നേടി. മൂന്ന് വർഷം പഠിച്ച് ഒരു ഡിഗ്രിയെടുത്തു. ഇറ്റലിയിലെ പാലേർമോ നഗരവാസിയായ ജുസേപ്പെ പറ്റേർണോക്ക് ചെറുപ്പകാലത്ത് കഷ്‌ടപ്പാടുകൾ കാരണം അധികം പഠനത്തിന് അവസരം കിട്ടിയില്ല. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോഴേക്കും രണ്ടാം ലോകമഹായുദ്ധം ഇങ്ങെത്തി. തുടർന്ന് ഇറ്റലിയിലെ നാവികസേനയിൽ ചേർന്ന് അവിടെ ജോലി നോക്കി. ശേഷം റെയിൽവേയിൽ ജോലി സ്വീകരിച്ച് വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായി കഴിച്ചുകൂട്ടി.
യുദ്ധത്തിന് ശേഷം തകർന്ന ഇറ്റലിയിലെ പുനർനിർമ്മാണത്തിനായി ജുസേപ്പെയും കൂടി. യുദ്ധാനന്തരമുളള ലോകമായാലും നിലവിലെ കൊവിഡ് കാലത്തെ പഠനമായാലും എല്ലാം കൂടുതൽ തന്നെ ശക്തനാക്കി എന്നാണ് ജുസേപ്പെ അപ്പൂപ്പൻ പറയുന്നത്. അറിവ് എന്ന് പറയുന്നത് ഒരു സ്യൂട്ട് കേസ് പോലെയാണെന്നും അത് താൻ എപ്പോഴും കൊണ്ടുനടക്കുന്ന നിധിയാണെന്ന് പറയുന്നു ജുസേപ്പെ . 31ആം വയസ്സിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അന്ന് മുതൽ എഴുത്തുമുണ്ട്. 1984ൽ റെയിൽവേയിൽ നിന്ന് വിരമിച്ചപ്പോൾ അമ്മ നൽകിയ ടൈപ്പ് റൈറ്ററിൽ ലേഖനങ്ങൾ ടൈപ്പ് ചെയ്‌ത് തുടങ്ങി. 2017ൽ പഠനം തുടർന്ന് ഡിഗ്രി നേടണം എന്ന ആഗ്രഹം ജുസേപ്പെയ്‌ക്ക് ഉണ്ടായി. ഏറെ ആലോചിച്ച ശേഷം പലേർമോ സർവകലാശാലയിൽ ചരിത്രവും തത്ത്വശാസ്‌ത്രവും പഠിക്കാൻ ചേർന്ന്. ഇപ്പോൾ തന്നെക്കാൾ 70 വയസ്സിലേറെ ചെറുപ്പമുളള സഹപാഠികൾക്കൊപ്പം ഒന്നാമനായി ഡിഗ്രി പാസായി ജുസേപ്പെ. എന്നാൽ പ്രായത്തിന്റെ കണക്കൊന്നും നോക്കാതെ മറ്റുളളവരെപ്പോലെ സാധാരണ മനുഷ്യനാണ് താനും എന്നാണ് ജുസേപ്പെ പറയുന്നത്.
കൂടുതൽ അറിവ് നേടാൻ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് ലോകത്തെ ബോധിപ്പിക്കാനുളള പുതിയ ഉദാഹരണമാകുകയാണ് എന്തായാലും ജുസേപ്പെ പറ്റേർണോ . കേരളത്തിൽ നൂറ് കണക്കിന് ജുസേപ്പ ” മാർ നമ്മുടെ ചുറ്റും ഉണ്ട്.
മരണം വരെ അറിവ് വർദ്ധിപ്പിച്ചാൽ മനസ്സ് എനർജി പ്ലാന്റ് ആകും. തലച്ചോറിലെ പ്രധാന രാസവസതുക്കളായ ഡോപമിൻ, സിറടോണിൻ, തുടങ്ങിയവ ആക്ടിവേറ്റാകും. ഹാപ്പി ഹോർമോണുകൾ ആക്ടീവാകും. നമ്മുടെ മനസ്സ് കൊതിക്കുന്നതു പോലെ ശരീരത്തിന് ചലിക്കാൻ കഴിയും. ചില മനുഷ്യൻ ജീവിതാവസ്ഥകൾക്കിടയിൽ ഉഴറിക്കൊണ്ട് രോഗത്തിനും, സന്താപത്തിനും, അസ്ഥിരതക്കും , ഞെരുക്കത്തിനും ഇടയിൽ കറങ്ങിക്കൊണ്ടിരിക്കും. പലപ്പോഴും പ്രശ്നങ്ങളോടുള്ള അവരുടെ സമീപനങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെയാണ് ചിന്തിക്കേണ്ടത് മനുഷ്യന്റെ സ്ഥായിഭാവമാണിത്. സന്തോഷത്തെ ക്ഷണിച്ച് വരുത്തുന്ന അതിഥിയായി കാണണം. ഏതു കാലത്തും ഏതവസ്ഥയിലും മനസ്സിന് തൃപതിപ്പെടാൻ കഴിയണം. അതിന് പാകപ്പെടുത്തണം. സരസസംഭാഷണങ്ങൾ മനസ്സിനെ ഊർജ്ജിതപ്പെടുത്തും. ശരീരം വേദനിക്കുമ്പോഴും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ മനസ്സിനെ പാകപ്പെടുത്തണം. എൻഡോർഫിൻ രാസവസ്തു നമ്മുടെ തലച്ചോറിൽ നിന്നു തന്നെ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. വേദനകൾക്ക് ആശ്വാസമേകാൻ സന്തോഷം അനുഭവിക്കുന്നതിലൂടെ സാധിക്കും
സ്വയ നാസർ
സൈക്കോളജിസ്റ്റ്