വെള്ളമുണ്ട: വയനാട് വെള്ളമുണ്ട പഴഞ്ചന ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഫുർഖാൻ ഫൗണ്ടേഷൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരുമായുള്ള അക്കാദമിക് സഹകരണത്തിലൂടെ ഗുണ നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികൾക്ക് അൽ ഫുർഖാൻ അക്കാദമിക് കൗൺസിൽ അന്തിമ രൂപം നൽകി. പദ്ധതികളുടെ പ്രഖ്യാപനവും ആദ്യ ഘട്ട ലോഞ്ചിങ്ങും ഒക്ടോബർ രണ്ടാം വാരത്തിൽ നടക്കും.
നിലവിൽ നടക്കുന്ന കോഴ്സുകൾക്ക് പുറമെ, ലിബറൽ ആർട്സ് രംഗത്ത് കൂടുതൽ ബിരുദ പഠന കോഴ്സുകൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സോഷ്യോളജി, സൈക്കോളജി, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, കൊമേഴ്സ് ഡിപ്പാർട്മെന്റുകൾ ആരംഭിക്കും. സ്ഥിരം അധ്യാപകർക്ക് പുറമെ, അക്കാദമിക് സഹകരണത്തിലൂടെ വിവിധ വിഷയങ്ങളിൽ രാജ്യത്തെ തന്നെ പ്രമുഖരായ അക്കാദമിക് വിദഗ്ധരുടെ വിസിറ്റിങ് ലെക്ച്ചറുകൾക്ക് അവസരമൊരുക്കും. ഓരോ വിഷയത്തിലുമുള്ള വിദഗ്ധരുടെ ക്ലാസുകളും പരിശീലനങ്ങളും വിദ്യാർഥിനികൾക്ക് ലഭ്യമാക്കുന്നതിനു വേണ്ടി ക്ലാസ് റൂമുകൾ പൂർണ്ണാർത്ഥത്തിൽ ഡിജിറ്റലൈസ് ചെയ്യും. ഉന്നത പഠനത്തിനും തൊഴിൽ ലഭ്യതക്കും ഊന്നൽ നൽകി കൊണ്ടുള്ള പരിഷ്കരിച്ച സമഗ്രമായ സിലബസ് ഈ വർഷം മുതൽ നടപ്പിലാക്കും. ലക്ഷ്യാതിഷ്ഠിത വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള സിലബസ്സിനു പുറമെ, അധ്യയന-മൂല്യ നിർണ്ണയ രീതികളിലും പരിഷ്കാരങ്ങൾ കൊണ്ടു വരും.
സമന്വയ വിദ്യാഭ്യാസ രംഗത്ത് പുതിയ പഠന രീതികൾ നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനു വേണ്ടി പ്രമുഖ ഇസ്ലാമിക് ലിബറൽ ആർട്സ് കോളേജുകളുമായി ചർച്ചകൾ തുടങ്ങി. വിവിധ വിഷയങ്ങൾ വെവ്വേറെ പഠിപ്പിക്കുന്ന രീതിക്കു പകരം വിവിധ പഠന മേഖലകളെ സംയോജിപ്പിച്ച് ഒരുമിച്ചു പഠിപ്പിക്കുന്ന രീതി ഈ വർഷം മുതൽ നടപ്പിലാക്കും. ഹ്യുമാനിറ്റിസ്, കൊമേഴ്സ് വിഷയങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു, ഹ്യുമാനിറ്റിസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഒന്നാം വർഷ ബിരുദ പഠനം എന്നിവക്കുള്ള അഡ്മിഷൻ ആരംഭിച്ചു. മികച്ച വിദ്യാർഥിനി കൾക്ക് സ്കോളർഷിപ്പുകളും വിദ്യാഭ്യാസ വായ്പ്പകളും നൽകും. മത്സര പരീക്ഷകൾ, വിവിധ പ്രവേശന പരീക്ഷകൾ എന്നിവയിൽ വിദ്യാർഥിനകൾക്ക് പരിശീലനം നൽകും. സ്ഥാപനത്തിന്റെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് മേൽ നോട്ടം വഹിക്കുന്നതിനും മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനും വേണ്ടി മുസ്ലിം സ്ത്രീ വിദ്യാഭ്യാസ രംഗത്ത് അനുഭവജ്ഞാനമുള്ള അക്കാദമിക് വിദഗ്ധകൾ ഉൾപ്പെടുന്ന ബോർഡ് ഓഫ് സ്റ്റഡീസും രൂപീകരിച്ചിട്ടുണ്ട്.
ഗുണ നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനും മികച്ചതും അനുയോജ്യവുമായ തൊഴിൽ ലഭിക്കുന്നതിനും വിദ്യാർഥിനികളെ പ്രാപ്തരാക്കുക എന്നതിലായിരിക്കും അൽ ഫുർഖാന്റെ ഇനിയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഊന്നലെന്ന് ഭാരവാഹികളായ കൈപ്പാണി ഉമർ സഖാഫിയും, ജസീൽ അഹ്സനി പാക്കണയും അറിയിച്ചു. രണ്ടു വർഷം കൊണ്ട്, സയൻസ് പഠനത്തോടൊപ്പം മൂന്നൂറ് വിദ്യാർഥിനികൾക്ക് പൂർണ്ണമായും റസിഡൻഷ്യൽ സൗകര്യം ഒരുക്കുന്ന പുതിയ കാമ്പസ് സജ്ജീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കോഴ്സുകളെയും സൗകര്യങ്ങളെയും കുറിച്ച് കൂടുതൽ അറിയുന്നതിന് 9746426121, 9947522373 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.