മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) സിസ്റ്റമാണ് ഇന്ത്യന്‍ വ്യോമ സേനക്കുവേണ്ടി വികസിപ്പിച്ചെടുത്തത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചെടുത്ത ഈ വ്യോമ പ്രതിരോധ സംവിധാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്റെ സാന്നിധ്യത്തിലാണ് രാജസ്ഥാനിലെ ജെയ്‌സാല്‍മറിലെ വ്യോമസേനാ കേന്ദ്രത്തില്‍ വച്ച് സേനക്ക് ഔദ്യോഗികമായി കൈമാറിയത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസുമായി സഹകരിച്ചാണ് എംആര്‍എസ്എഎം നിര്‍മിച്ചത്. ഇതിന്റെ ഭാഗങ്ങള്‍ ഇന്ത്യയിലെ പൊതു- സ്വകാര്യ വ്യവസായങ്ങളില്‍ നിന്നായിട്ടാണ് ശേഖരിച്ചത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ക്ക് വ്യോമാക്രമണത്തില്‍ നിന്നുള്ള സംരക്ഷണം നല്‍കുകയാണ് ഈ വ്യോമപ്രതിരോധ സംവിധാനം കൊണ്ട് ലക്ഷ്യംവെക്കുന്നത്. ഹെലിക്കോപ്റ്ററുകള്‍, യുഎവികള്‍, പോര്‍വിമാനങ്ങള്‍, സൂപ്പര്‍സോണിക്- സബ്‌സോണിക് ക്രൂസ് മിസൈലുകള്‍ തുടങ്ങി ആകാശമാര്‍ഗമുള്ള ഏത് ആക്രമണത്തേയും പ്രതിരോധിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കും.
70 കിലോമീറ്റര്‍ അകലെയുള്ള ഒന്നിലേറെ ലക്ഷ്യങ്ങളെ വരെ തകര്‍ക്കാന്‍ ഈ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിയും. റോക്കറ്റ് മോട്ടോറും കണ്‍ട്രോള്‍ സിസ്റ്റവും ചേര്‍ന്നതാണ് വ്യോമ പ്രതിരോധ സംവിധാനം. മിസൈലുകള്‍ക്ക് പുറമേ അഡ്വാന്‍സ്ഡ് ലോങ് റേഞ്ച് റഡാര്‍, റഡാര്‍ പവര്‍ സിസ്റ്റം, മൊബൈല്‍ പവര്‍ സിസ്റ്റം, കോംപാക്ട് മാനേജ്‌മെന്റ് സിസ്റ്റം, മൊബൈല്‍ ലോഞ്ചര്‍ സിസ്റ്റംസ്, ഫീല്‍ഡ് സര്‍വീസ് വെഹിക്കിള്‍, റീലോഡര്‍ വെഹിക്കിള്‍ എന്നിവയും ചേര്‍ന്നതാണ് വ്യോമ പ്രതിരോധ സംവിധാനമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ചരിത്രം തിരുത്തുന്നതാണ് പുതിയ എംആര്‍എസ്എഎം എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് വിശേഷിപ്പിച്ചത്. സാങ്കേതിക പങ്കാളികളുടേയും സുഹൃദ് രാജ്യങ്ങളുടേയും സഹകരണത്തിലാണ് ഈ പദ്ധതി യാഥാര്‍ഥ്യമായതെന്നും പൊതു- സ്വകാര്യ മേഖലകള്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖല- പ്രത്യേകിച്ച് മിസൈല്‍ മേഖല സ്വയം പര്യാപ്തത നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ എ.പി.ജെ അബ്ദുൽ കലാമിനേയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓർമ്മിച്ചു.