ബദാം ചെറുപ്പക്കാരിലും കൗമാരക്കാരിലും പ്രമേഹ സാധ്യത കുറയ്ക്കും

Health

പ്രമേഹപൂർവാവസ്ഥ അഥവാ പ്രീ ഡയബറ്റിസ് അവസ്ഥയിലുള്ളവർ ഏറെയാണ്. ജീവിത ശൈലിയിൽ വ്യത്യാസം വരുത്തിയാൽ പ്രമേഹസാധ്യത കുറയ്ക്കാൻ ഒരു പരിധി വരെ സാധിക്കും. ഡ്രൈഫ്രൂട്ട് ആയ ബദാം കഴിക്കുന്നത് ചെറുപ്പക്കാരിലും കൗമാരക്കാരിലും പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് മുംബൈയിലെ എസ്. എൻ. ഡി. ടി. വിമൻസ് യൂണിവേഴ്‌സിറ്റിയുടെ വിതാൽദീസ് താക്കറേ കോളജ് ഓഫ് ഹോംസയൻസിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു. ബദാം കഴിക്കുന്നതിലൂടെ, പ്രീ ഡയബറ്റിക് ആയ കൗമാരക്കാരിലും ചെറുപ്പക്കാരിലും ബ്ലഡ് ഗ്ലൂക്കോസ്, ലിപ്പിഡ്, ഇൻസുലിൻ, ചില ഇൻഫ്ളമേറ്ററി സൂചകങ്ങൾ തുടങ്ങിയവയിൽ എന്തു മാറ്റങ്ങളാണ് ഉണ്ടാകുന്നത് എന്ന് പഠനം പരിശോധിച്ചു.
മുംബൈയിൽ താമസമാക്കിയ, പ്രീ ഡയബറ്റിക് അവസ്ഥയിലുള്ള 216 സ്ത്രീകളിലും 59 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. പഠനത്തിനു മുൻപ് ഇവരുടെ പൊക്കം, വണ്ണം, വെയ്സ്റ്റ്, ഹിപ്പ് അളവുകൾ എല്ലാം കണക്കാക്കി. ഫാസ്റ്റിങ്ങ് ബ്ലഡ് ഗ്ലൂക്കോസ് സാംപിളുകൾ എടുത്തു. ഗ്ലൂക്കോസ് ടോളറൻസ് ടെസ്‌റ്റും ലിപ്പിഡ് പ്രൊഫൈലും കണക്കാക്കി ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കുകയും ചെയ്‌തു.
കൺട്രോൾ ഗ്രൂപ്പിൽ പെട്ടവരെ അപേക്ഷിച്ച് ബദാം ഗ്രൂപ്പിൽ പെട്ടവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ സൂചകമായ HbAIC കുറഞ്ഞതായി കണ്ടു. രക്തത്തിലെ പഞ്ചസാരയുടെ അളവും മെച്ചപ്പെട്ടു. പ്രമേഹ സാധ്യത തടയാൻ ബദാം കഴിക്കുന്നതിലൂടെ സാധിക്കുമെന്നും ബദാം കഴിച്ചതിലൂടെ എൽഡിഎൽ അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞതായും നല്ല കൊളസ്‌ട്രോളിന്റെ അളവ് നിലനിർത്താനായതായും പഠനം പറയുന്നു.ആൽമണ്ട് ഗ്രൂപ്പിലും കൺട്രോൾ ഗ്രൂപ്പിലും പെട്ടവരുടെ പൊക്കം, വണ്ണം മറ്റ് അളവുകൾ ഇവയ്‌ക്കൊന്നും മാറ്റം വന്നില്ല. ബദാം ഗ്രൂപ്പിലുള്ളവർക്ക് ഇൻഫ്ളമേറ്ററി സൂചകങ്ങൾ (TNF, IL -6 ) കുറഞ്ഞതായും കൺട്രോൾ ഗ്രൂപ്പിൽപെട്ടവർക്ക് ഇത് കൂടിയതായും കണ്ടു.കൗമാരക്കാരിലും ചെറുപ്പക്കാരിലും ജീവിതശൈലിയിൽ വരുത്തുന്ന വ്യത്യാസങ്ങളിലൂടെ പ്രീഡയബറ്റിസ് അഥവാ പ്രമേഹപൂർവാവസ്ഥയിൽ നിന്ന് ടൈപ്പ് 2 പ്രമേഹത്തിൽ എത്താതെ തടയാൻ സാധിക്കും. ദിവസം രണ്ടു നേരം ലഘു ഭക്ഷണമായി ബദാം കഴിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കും. മൂന്നു മാസം ബദാം ഉപയോഗിച്ചതിലൂടെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും HbAIC ലെവൽ കുറയ്ക്കാനും സാധിക്കുമെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞതായി ഗവേഷകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *