സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍

General Kerala Thiruvananthapuram

സെക്രട്ടേറിയറ്റിൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം. അണ്ടർ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍റെ ശുപാർശ ഉണ്ടെങ്കിൽ മാത്രമേ ഇനി മുതല്‍ മന്ത്രിമാരുടെയും വകുപ്പ് തലവൻമാരുടെയും ഓഫീസിൽ സന്ദർശനത്തിന് സാധിക്കൂ. ഇതുകൂടാതെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കൂ. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പുതിയ നിയന്ത്രണത്തിലൂടെ പാസ് നിര്‍ബന്ധമാക്കി. വി.ഐ.പി, സർക്കാർ, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ക്ക് മാത്രം കന്‍റോണ്‍മെന്‍റ് ഗേറ്റുവഴി പ്രവേശിക്കാം. സെപ്റ്റംബർ 30ന് മുമ്പ് പാസ് വാങ്ങണം എന്നാണ് ജീവനക്കാർക്ക് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കാന്‍റീന്‍ ഗേറ്റുവഴി പ്രവേശിക്കണമെന്നും ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.നേരത്തെ തിരുവനന്തപുരം സ്വര്‍ണക്കടത്തിലടക്കം പ്രതിപട്ടികയിലുള്ളവര്‍ക്ക് സെക്രട്ടേറിയറ്റില്‍ നിര്‍ബാധം കയറിയിറങ്ങാന്‍ സാഹചര്യമുണ്ടായി എന്ന കണ്ടെത്തലുണ്ടായിരുന്നു.  
മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ഓഫീസുകളിലേക്കുള്ള സന്ദര്‍ശകരെ, സന്ദര്‍ശനം സംബന്ധിച്ച അനിവാര്യമായ രേഖകള്‍ പരിശോധിച്ചതിനുശേഷമോ അല്ലെങ്കില്‍ അണ്ടര്‍ സെക്രട്ടറി പദവിക്കും അതിനു മുകളിലുമുള്ള ഒരു ഉദ്യോഗസ്ഥന്‍റെ ശുപാര്‍ശയിലൂടെയോ മാത്രമേ സന്ദര്‍ശക കേന്ദ്രങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ക്ക് പ്രവേശന പാസ് അനുവദിക്കാവൂ. ശുപാര്‍ശ ചെയ്യുന്ന ഉദ്യോഗസ്ഥന്‍റെ പേര് പാസിലും പാസ് രജിസ്റ്ററിലും രേഖപ്പെടുത്തേണ്ടതാണ്. ഏതെങ്കിലും സന്ദര്‍ശകന്‍ ശുപാര്‍ശയില്ലാതെ വരുന്നുണ്ടെങ്കില്‍ സന്ദ‍ര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ഓഫീസില്‍ വിളിച്ച് ഉറപ്പ് വരുത്തിയശേഷം മാത്രം പാസ് അനുവദിക്കേണ്ടതാണ്. സെക്രട്ടറിയറ്റ് മെയിന്‍ ബ്ലോക്കില്‍ വരുന്ന സന്ദര്‍ശകരെ ഒരു സന്ദര്‍ശക കേന്ദ്രത്തില്‍ നിന്നും മറ്റൊരു സന്ദര്‍ശക കേന്ദ്രത്തിലേക്ക് പ്രവേശന പാസിനായി അയക്കുന്ന രീതി ഉണ്ടാകരുത്.

Leave a Reply

Your email address will not be published. Required fields are marked *