”നട്ടെല്ല് എന്ന ഗുണം വളരെ നല്ലൊരു ഗുണമാണ്”

Kerala Wayanad

വയനാട്‌ ജില്ലയിലെ വാരാമ്പറ്റ ഗവ.ഹൈസ്‌കൂൾ പ്രധാനാധ്യാപകനും ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയുമായ ജെയ്‌സ് എം.ടി കണ്ണൂർ ജില്ലയിലെ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി ചുമതലയേറ്റു.വാരാമ്പറ്റ ഗവ.ഹൈസ്കൂളിനെ വയനാട് ജില്ലയിൽ തന്നെ മുൻനിര വിദ്യാലയമാക്കി മാറ്റുന്നതിൽ മാതൃകാപരമായി നേതൃത്വം നൽകിയ ശേഷമാണ് അദ്ദേഹം പുതിയ ചുമതലയേൽക്കുന്നത്.
അങ്ങാടിക്കടവ് സെന്റ്‌.ജോസഫ്സ് ഹയർ സെക്കണ്ടറി സ്‌കൂൾ
അധ്യാപികയായ ജാൻസി ജോസഫാണ് ഭാര്യ.
നെവിൻ ജെയ്‌സ്, ജോവിൻ ജെയ്‌സ്, ഡെൽവിൻ ജെയ്‌സ് എന്നിവർ മക്കളാണ്.
മാഷിനെ കുറിച്ച് ദീപു ആന്റണി എന്ന സപ്രവർത്തകനായ അധ്യാപകൻ എഴുതുന്നു..!
”ചില നേരങ്ങളിൽ
ചില മനുഷ്യർ..
നമ്മളെല്ലാവരും എവിടേക്കാണ് ഇത്ര തിടുക്കത്തിൽ എന്ന് ചിന്തിച്ചാൽ കൃത്യമായ ഉത്തരം അല്പം ഡിപ്ലോമാറ്റിക് ആവാതെ തരമില്ല. അധികമാരാലും ഗൗനിക്കപ്പെടാത്ത വാർധക്യവും ഒന്നോ രണ്ടോ ദിവസം മാത്രം ഗൗനിക്കപ്പെടുന്ന മരണവുമാണല്ലോ നമ്മുടെ അൾടിമേറ്റ് ഡെസ്റ്റിനി എന്ന് തിരിച്ചറിയുമ്പോൾ കാര്യങ്ങൾ അല്പം ഗ്രാവിറ്റി ഉള്ളതായി മാറും.ചില ആളുകൾ മനുഷ്യജീവിതത്തിന്റെ ഇത്തരം ദുരന്തസമാനമായ അനിവാര്യതകളെ ഏറ്റവും വിജിലൻറ് ആയി ഡിഫെൻഡ് ചെയ്യുന്നവരാണ്. ഇത്തരക്കാർ ജീവിതത്തിന്റെ പൂർവ്വാഹ്നങ്ങളിൽ തന്നെ ഔദ്യോഗികമായ കൃത്യനിർവ്വഹണങ്ങൾക്കിടയിലും അതിവിദഗ്ദ്ധമായി ചുറ്റുപാടുമുള്ളവരുടെ ഹൃദയങ്ങളെ ക്ഷണനേരം കൊണ്ട് ഹൈജാക്ക് ചെയ്യുകയും അവിടെ ശാശ്വതമായി ഒപ്പിടുകയും ചെയ്യുന്നവരായിരിക്കും. ഇങ്ങനെ അപഹരിക്കപ്പെട്ട അപരന്റ ഹ്യദയങ്ങളിൽ അവരങ്ങനെ നിർത്താതെ സ്പന്ദിക്കുകയും നിത്യയൗവ്വനമായി അവശേഷിക്കുകയും ചെയ്യും. നമ്മുടെ ജെയ്സ് മാഷിനെപ്പോലെ..ഇതൊരു സിദ്ധിയാണ്. ചിലർക്ക് മാത്രമുള്ള സിദ്ധി.അവർ നിൽക്കുന്ന ഇടം അസാധാരണമായ തോതിൽ മറ്റുള്ളവരാൽ ആകർഷിക്കപ്പെടും. അവിടെ ഒരിക്കൽ കൂട്ടം കൂടി തീ കാഞ്ഞ് കഥകൾ പറഞ്ഞവർക്കോ കേട്ടവർക്കോ പിന്നീട് ജീവിതത്തിൽ സന്ദേഹങ്ങൾ ഉണ്ടായെന്ന് വരില്ല. കാരണം നമ്മുടെ എല്ലാ ആശങ്കകൾക്കും വ്യാധികൾക്കും തീർപ്പ് കൽപ്പിച്ച് നമ്മളെ മറ്റൊരാളായി പുതുക്കിപ്പണിത ശേഷമാണ് ഇത്തരക്കാർ പടിയിറങ്ങുന്നത്. സംശയം തെല്ലും വേണ്ട. ഞാനും നിങ്ങളുമൊക്കെ ഇപ്പോൾ മറ്റാരൊക്കെയോ ആയി മാറിക്കഴിഞ്ഞു.
മേലുദ്യോഗസ്ഥരെ കാണുന്ന മാത്രയിൽ അസ്വസ്ഥമാകുന്ന രീതിയിലാണ് നല്ലാരു ശതമാനം സർക്കാർ ജീവനക്കാരന്റെയും മനോനിലയുടെ ക്രമീകരണം. എന്നാൽ ജെയ്സ് മാഷിന്റെ വിഷയത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. ശരാശരി ശാഠ്യക്കാരായ കുറച്ചധികം ജീവനക്കാർ അദ്ദേഹത്തിന് മുന്നിൽ വളരെ സ്വാഭാവികമായും അലങ്കാരങ്ങളും ചമയങ്ങളുമില്ലാതെയും സ്വസ്ഥമായി തൊഴിൽ ചെയ്യുന്ന വിസ്മയകരമായ കാഴ്ച. കാരണം മാഷ് ഒരിക്കലും കാര്യങ്ങളെ സങ്കീർണ്ണമാക്കുന്ന മേലുദ്യോഗസ്ഥൻ ആയിരുന്നില്ല. എത്ര സങ്കീർണ്ണമായ വിഷയവും അതി വിദഗ്ദ്ധമായി കുരുക്കഴിച്ച് ഒപ്പമുള്ളവരെ ആശ്വസിപ്പിക്കും. ഒന്നിലും അനാവശ്യമായി ബലം പിടിക്കേണ്ടതില്ലെന്ന് ലാഘവത്തോടെ പറഞ്ഞു തരും. ഇത്ര മതി… ഇത്രയേ വേണ്ടൂ… എന്ന രീതിയിൽ ഓടി എത്തിയിടത്ത് വിജയപീഠമൊരുക്കി പുരസ്കരിക്കും. അംഗീകരിച്ച് ചേർത്തു പിടിക്കും. ബുദ്ധിയും ഒഫീഷ്യാലിറ്റിയും ചേർന്ന് നിർമ്മിക്കുന്ന സങ്കീർണ്ണതകൾക്ക് ഹൃദയത്തിന്റെ സരളതയാണ് ഔഷധം എന്നു പഠിപ്പിച്ച ഒരേയൊരു വൈദ്യൻ ജെയ്സ് മാഷല്ലാതെ മറ്റാരാണ്.
വൈദ്യം നല്ലപോലെ അറിയുന്ന ഒരാൾക്ക് ശരീരത്തിന്റെയും അതുവഴി മനസിന്റെയും വൈകാരിക വ്യതിയാനങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്താനും അതുവഴി അയാളുടെ വിശ്വസ്തനായ സുഹൃത്ത് ആകാനും സാധിക്കുമെന്നതിന്റെ ദൃഷ്ടാന്തമായിട്ടുവേണം മാഷിനെ കരുതാൻ. അതിന്റ ഭാഗമായിട്ടാണ് മാഷിങ്ങനെ സർവ്വസമ്മതനും പൊതു സ്വീകാര്യനും ആകുന്നത്. നിങ്ങൾക്ക് ശത്രുക്കൾ ഇല്ലെങ്കിൽ അതിനർത്ഥം നിങ്ങൾ ഒന്നും ചെയ്തിട്ടില്ല എന്ന വാക്യം ജെയ്സ് മാഷിന്റെ കാര്യത്തിൽ അതിശയകരമായി ന്യൂട്രലൈസ് ചെയ്യപ്പെടുകയാണ്. ആരാണ് മാഷിന്റ ശത്രു ? ഉത്തരം കണ്ടെത്താൻ നിങ്ങൾ പ്രയാസപ്പെടും.ഇനി ഇത്രത്തോളം വ്യത്യസ്തമായ മാഷിന്റെ രീതികളുടെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും എന്താണെന്ന് ചിന്തിച്ചു നോക്കൂ. ഒരു സ്ഥാപനം അതിന്റെ ചരിത്രത്തിൽ തന്നെയും ഏറ്റവും തലയെടുപ്പോടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത് ദേശത്തുടനീളം സംസാരവിഷയമാകുന്നു. സ്ഥാപനത്തിന്റെ പ്രവർത്തന ശേഷിയും മനുഷ്യവിഭവശേഷിയും അതിന്റെ പാരമ്യതയിൽ ഉപയോഗിക്കപ്പെടുന്നു. ജീവനക്കാരാകട്ടെ തൊഴിൽപരമായ സംതൃപ്തിയും സ്വത്വബോധവും തിരിച്ചുപിടിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ക്ഷണനേരം കൊണ്ട് സമവായങ്ങളാകുന്നു. സർവ്വോപരിയായി ഒരു സ്ഥാപനം എന്തിനു വേണ്ടി രൂപീകരിക്കപ്പെട്ടോ അതിനു വേണ്ടിമാത്രമായി പ്രൗഢമായി നിലകൊള്ളുന്നു.
അഴീക്കോട് മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ നട്ടെല്ല് എന്ന ഗുണം വളരെ നല്ലൊരു ഗുണമാണ്.ഇഴയണോ നിവർന്ന് നിൽക്കണോ എന്ന് തീരുമാനിക്കാൻ അല്ലെങ്കിൽ ചിന്തിപ്പിക്കാൻ പോന്ന ഉയരത്തിൽ ഇവിടെയൊരു വിളക്കുമരം ഉണ്ടായിരുന്നു എന്ന നിലയിൽ നമ്മൾ ജെയ്സ് മാഷിനെപ്പറ്റി അഭിമാനം കൊണ്ടു കൊണ്ടേയിരിക്കും.സർവ്വോപരിയായി വാരാമ്പറ്റ ഗവ.ഹൈ സ്കൂൾ എന്ന പൊതു വിദ്യാലയത്തിന്റെയും അതിൽ തൊഴിലെടുക്കുന്ന ജീവനക്കാരുടേയും ‘മാസ്റ്റർ സ്കെയിൽ’ ആയി ജെയ്സ് മാഷ് മാറുകയാണ്. ഇനി മുതൽ മാഷാണ് പലതിനും മാനദണ്ഡം.എളുപ്പത്തിൽ നെല്ലും പതിരും തിരിക്കാവുന്ന ഒന്നാന്തരം വീശുമുറം.
അഭിമാനത്തോടെ പറയട്ടെ,
ഇനിയൊരു നൂറുപേർ
നൂറു തവണ
നൂറുനൂറുകസേരകളിലിരുന്ന് ഞങ്ങളെ മുന്നോട്ട് തെളിച്ചാലും
പ്രിയ ജെയ്സ് സർ,
അങ്ങയുടെ സിംഹാസനത്തോളം വരില്ല അതൊന്നും.
ദീപു ആന്റണി
( G.H.S വാരാമ്പറ്റ)

Leave a Reply

Your email address will not be published. Required fields are marked *