ജെഡി(എസ്) നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം നടത്തി. ബിജെപി കർണാടകയിൽ അധികാരത്തിൽ വന്നത് കോൺഗ്രസ് കാരണമാണെന്ന് മുസ്ലീങ്ങൾ ഓർക്കണം എന്ന് കുമാരസ്വാമി പറഞ്ഞു.പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടി കുമാരസ്വാമി കോൺഗ്രസ് ഇനി ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഭാവി പ്രാദേശിക പാർട്ടികളുടെതാണെന്നും അവകാശപ്പെട്ടു.“ഇപ്പോൾ കർണാടകയിൽ ബിജെപി അധികാരത്തിലുണ്ടെങ്കിൽ അത് കോൺഗ്രസ് മൂലമാണ്. എന്റെ മുസ്ലിം സഹോദരന്മാർ ഇത് മനസ്സിലാക്കണം. സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നത് ജെഡി (എസ്) കാരണമല്ല,” കുമാരസ്വാമി പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സ്വതന്ത്രമായി അധികാരത്തിലെത്താൻ കോൺഗ്രസിന് ശക്തിയില്ല. മുസ്ലിം സമൂഹം ഈ മുഖം തിരിച്ചറിയേണ്ട സമയമാണെന്നും അല്ലാത്തപക്ഷം അവർ കഷ്ടത അനുഭവിക്കുമെന്നും ഒരു പാർട്ടി പരിപാടിയിൽ സംസാരിക്കവേ കുമാരസ്വാമി പറഞ്ഞു.ഭരണകക്ഷിയായ ബി.ജെ.പിയിൽ ഭിന്നതയുണ്ടെന്ന് സൂചന നൽകിയ ജെഡിഎസ് നേതാവ് 2013 ൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ കാരണം ബിജെപിയിലെ ഉൾപ്പോരാണെന്നുംപറഞ്ഞു. “ബി.ജെ.പി മൂന്നായി വിഭജിക്കപ്പെട്ടു – ഒന്ന് ബിജെപി, മറ്റൊന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിഭാഗവും അടുത്തത് മന്ത്രി ബി ശ്രീരാമുലുവിന്റെ വിഭാഗവും,” കുമാരസ്വാമി പറഞ്ഞു.
