നാട്ടിലെത്തുമ്പോൾ കാണാം, മോനേ

Kerala

തൃശൂർ / അബുദാബി • ‘നാട്ടിലെത്തുമ്പോൾ കാണാം, മോനേ’ – അബുദാബി ജയിലിൽവച്ച് 2017ൽ അച്ഛൻ ബെക്സ് കൃഷ്ണൻ പറഞ്ഞപ്പോൾ അദ്വൈതിനു കരച്ചിൽ വന്നു. അച്ഛനു വധശിക്ഷയാണെന്ന് ആ 7 വയസ്സുകാരൻ കേട്ടിരുന്നു. ഇനി കാണില്ലേ എന്ന ആശങ്കയായിരുന്നു അന്നു ജയിലിൽനിന്നു മടങ്ങുമ്പോൾ അവന്റെയും അമ്മ വീണയുടെയും മനസ്സിൽ. ഇപ്പോഴിതാ, വ്യവസായി എം.എ. യൂസഫലിയുടെ കാരുണ്യത്തിൽ ഇരിങ്ങാലക്കുട നടവരമ്പ് ചെറോട്ടായി വീട്ടിൽ ബെക്സ് കൃഷ്ണനു (45) ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. അതിനു നന്ദി പറയുകയാണ് ഇപ്പോൾ പതിനൊന്നുകാരനായ അദ്വൈത്. ശിക്ഷയിൽ ഇളവു ലഭിച്ച ബെക്സ് അടുത്ത ദിവസം നാട്ടിലെത്തുമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

സ്വകാര്യ കമ്പനി ഡ്രൈവറായ ബെക്സ്, 2012 ൽ ജോലിയാവശ്യത്തിനായി പോകുമ്പോഴാണ് വാഹനം തട്ടി സുഡാനി ബാലൻ മരിച്ചത്. 2013 ൽ യുഎഇ കോടതി വധശിക്ഷ വിധിച്ചു. മോചന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണു ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുടെ ഇടപെടൽ തുണയായത്. മരിച്ച കുട്ടിയുടെ കുടുംബത്തെ അനുനയിപ്പിക്കുകയും ദയാധനമായി ഒരു കോടി രൂപ നൽകുകയും ചെയ്തു. വർഷങ്ങളോളം തുടർന്ന ചർച്ചകൾക്കൊടുവിലാണ് കുട്ടിയുടെ രക്ഷിതാക്കൾ മാപ്പുനൽകിയത്.മകന്റെ വധശിക്ഷാ വിവരമറിഞ്ഞു രോഗബാധിതനായ പിതാവ് കൃഷ്ണൻ ഇപ്പോഴും ചികിത്സയിലാണ്. ‘ഇതു രണ്ടാം ജന്മമാണ്. കുടുംബത്തിനും’ – കണ്ണീരോടെ അമ്മ ചന്ദ്രിക പറയുന്നു. ദൈവത്തിനു നന്ദി പറയുന്നുവെന്ന് യൂസഫലി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *