ഇടുക്കി ഉടുമ്പൻചോല ബിഎൽറാമിൽ സർക്കാർ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ലക്ഷങ്ങളുടെ തടികൾ വനം വകുപ്പും റവന്യൂ അധികൃതരും പിടികൂടി. റവന്യു ഭൂമിയിൽ നിന്ന 62 യൂക്കാലിപ്റ്റസ് മരങ്ങളാണ് ലോക്ക് ഡൗണിന്റെ മറവിൽ മുറിച്ച് കടത്താൻ ശ്രമിച്ചത്.കൈവശ ഭൂമിയിലെ മരങ്ങൾ എന്ന വ്യാജേനെയാണ് സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് റവന്യൂ ഭൂമിയിൽ നിന്ന് മരങ്ങൾ വെട്ടി മാറ്റിയത്. മരങ്ങൾ നിന്ന ഭൂമി വനം ഭൂമിയാണോ റവന്യൂ ഭൂമിയാണോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. തുടർന്ന് റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിൽ മരം മുറിച്ചത് റവന്യൂ ഭൂമിയിൽ നിന്നാണ് എന്ന് കണ്ടെത്തി. മരങ്ങള്‍ മുറിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.കലക്ടറുടെ നിർദേശ പ്രകാരം ക്രിമിനൽ നടപടി ക്രമങ്ങൾ ഉൾപ്പെടെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ് റവന്യൂ വകുപ്പ്. മേഖലയിൽ സമാന രീതിയിലുള്ള മോഷണം ഇതിനു മുമ്പും നടന്നിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിലും അന്വേഷണം പുരോഗമിക്കുകയാണ്.