കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തു നിയന്ത്രണാതീതമായതും മരണസംഖ്യ വര്‍ധിച്ചതും ബിജെപിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പങ്കെടുത്തു.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിര്‍ണായക യോഗം ചേര്‍ന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനയെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായെന്നാണു റിപ്പോര്‍ട്ട്.രണ്ടാം വരവില്‍ കോവിഡ് കടന്നാക്രമിച്ച സംസ്ഥാനങ്ങളില്‍ മുന്നിലാണ് ഉത്തര്‍പ്രദേശ്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടന്നത് വിദേശമാധ്യമങ്ങള്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയാക്കിയത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നാണക്കേടായി. കോവിഡ് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രോഗപരിശോധന, രോഗികളുടെ എണ്ണം എന്നീ വിഷയങ്ങളില്‍ സുതാര്യതയില്ലെന്ന ആരോപണവും ഉയര്‍ന്നു. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ ബിജെപി എംപിമാരെ അയയ്ക്കുന്ന ഉത്തര്‍പ്രദേശില്‍ ഭരണം നിലനിര്‍ത്തുകയെന്നത് പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും ബിജെപി നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്.