പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയേക്കാൾ വിജയ സാധ്യത കൂടുതൽ ന്യൂസീലൻഡിനാണെന്ന വിലയിരുത്തലുമായി ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയയിൽ പോയി ഐതിഹാസിക വിജയം നേടിയ അതേ ഇന്ത്യൻ ടീം ന്യൂസീലൻഡിനെതിരെ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ട കാര്യം ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ വിലയിരുത്തൽ. ഇന്ത്യയ്ക്കു മുൻപേ ഇംഗ്ലണ്ടിലെത്തിയ ന്യൂസീലൻഡ് ടീം, ഫൈനലിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ അവിടെ കളിക്കാനിറങ്ങുന്നതും അവർക്ക് ഗുണം ചെയ്യുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.ജൂൺ 18 മുതൽ സതാംപ്ടണിലാണ് ഇന്ത്യ–ന്യൂസീലൻഡ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പോരാട്ടം അരങ്ങേറുന്നത്. ഇതിനു മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡ് രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര കളിക്കുന്നുണ്ട്. ആദ്യ ടെസ്റ്റ് ജൂൺ രണ്ടിന് ലോർഡ്സിൽ ആരംഭിക്കും.‘ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ സാധ്യതകൾ പൂർണമായും തള്ളിക്കളയുകയല്ല. പക്ഷേ, 55–45 എന്ന നിലയിൽ മുൻതൂക്കം തീർച്ചയായും ന്യൂസീലൻഡിനു തന്നെയാണ്. അവർ ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാമതാണെങ്കിലും സ്വന്തം നാട്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവരാണ്. മാത്രമല്ല, ടെസ്റ്റ് നടക്കുന്ന സതാംപ്ടണിൽ ഇന്ത്യയേക്കാൾ സാഹചര്യങ്ങളുടെ മെച്ചം ലഭിക്കുക ന്യൂസീലൻഡിനു തന്നെയാണ്’ – ചോപ്ര ചൂണ്ടിക്കാട്ടി.‘ഇന്ത്യയ്‌ക്കെതിരായ ഫൈനൽ പോരാട്ടത്തിനു മുന്നോടിയായി അവർ (ന്യൂസീലൻഡ് ടീം) അവിടെ രണ്ടു ടെസ്റ്റുകൾ കളിക്കുന്നുണ്ട്. അതും ന്യൂസീലൻഡിന് മേധാവിത്തം നൽകുന്നു. ഹൃദയം കൊണ്ട് ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമ്പോഴും ന്യൂസീലൻഡിൽ പോയി അവരെ തോൽപ്പിക്കാനായിട്ടില്ലെന്ന യാഥാർഥ്യം അതേപടി നിലനിൽക്കുന്നു’ – ചോപ്ര പറഞ്ഞു.‘ഇത്തവണയും നമുക്ക് അവരെ തോൽപ്പിക്കാനായില്ല. ഓസ്ട്രേലിയയിൽ പോയി തകർപ്പൻ വിജയം നേടിയ ടീമാണ് ന്യൂസീലൻഡിൽ പോയി തോറ്റു മടങ്ങിയത്. ഓസ്ട്രേലിയയ്‌ക്കെതിരെ കളിച്ച ടീമിനെ അപേക്ഷിച്ച് നമ്മുടെ സമ്പൂർണ ടീമാണ് ന്യൂസീലൻഡിനെതിരെ കളത്തിലിറങ്ങിയത്. സതാംപ്ടണിലും നാം കടുത്ത വെല്ലുവിളി നേരിടേണ്ടി വരും’ – ചോപ്ര ചൂണ്ടിക്കാട്ടി.