കാബിനറ്റ് റാങ്ക്, മന്ത്രിമാർക്കു തുല്യമായ ശമ്പളവും അലവൻസുകളും, താമസിക്കാൻ നഗരത്തിലെ കണ്ണായ ഇടത്ത് മനോഹരമായ വസതി, സഹായിക്കാൻ കുക്ക് മുതൽ പ്രൈവറ്റ് സെക്രട്ടറി വരെ 30 പഴ്സനൽ സ്റ്റാഫ്, സഞ്ചരിക്കാൻ സർക്കാർ വക കാർ,. കൂടെ പൊലീസ് എസ്കോർട്ടും പൈലറ്റും. നിയമസഭയിൽ ഏറ്റവും മുൻനിരയിൽ ഡപ്യൂട്ടി സ്പീക്കർക്കു സമീപം രണ്ടാമത്തെ സീറ്റ്. സഭയിൽ ഒാഫിസും മുറിയും വേറെ. സൗകര്യങ്ങളുടെ ത്രാസു വച്ച് അളന്നാൽ സംസ്ഥാനത്തു പ്രതിപക്ഷ നേതാവാകുക എന്നാൽ മന്ത്രിയാകുന്നതു പോലെ തന്നെയാണ്.
അധികാരമില്ലെങ്കിലും മന്ത്രിമാർക്കുള്ള എല്ലാ സൗകര്യങ്ങളും പ്രതിപക്ഷ നേതാവിനും കിട്ടും. മാത്രമല്ല, പ്രതിപക്ഷ നേതാവെന്നാൽ സ്വന്തം മുന്നണിക്ക് അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദം ഉന്നയിക്കാൻ പോന്ന പദവിയുമാണ്. കേരളത്തിലെ പതിനൊന്നാമത് പ്രതിപക്ഷ നേതാവായാണ് വി.ഡി.സതീശൻ ചുമതലയേൽക്കുന്നത്.പി.ടി.ചാക്കോ, ഇം.എംഎസ്. നമ്പൂതിരിപ്പാട്, കെ.കരുണാകരൻ, ടി.കെ.രാമകൃഷ്ണൻ, പി.കെ.വാസുദേവൻ നായർ, ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരായിരുന്നു രമേശ് ചെന്നിത്തലയ്ക്കു മുൻപ് സംസ്ഥാനത്തു പ്രതിപക്ഷ നേതാക്കളായിരുന്നവർ. ഇവരെല്ലാവരും മുഖ്യമന്ത്രി സ്ഥാനമോ മന്ത്രി സ്ഥാനമോ വഹിച്ചിട്ടുമുണ്ട്.മുഖ്യമന്ത്രിയാകാൻ ഭാഗ്യമുണ്ടാകാത്തത് 3 പേർക്കു മാത്രം. ആദ്യ പ്രതിപക്ഷ നേതാവായ പി.ടി.ചാക്കോ, ടി.കെ.രാമകൃഷ്ണൻ, ഇപ്പോൾ രമേശ് ചെന്നിത്തല. നിയമസഭയിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തുന്നതിനെക്കാൾ വേഗത്തിൽ കന്റോൺമെന്റ് ഹൗസിലെത്താം. സെക്രട്ടേറിയറ്റിൽനിന്നു 2 കിലോമീറ്ററും നിയമസഭയിൽനിന്ന് അര കിലോമീറ്ററും അടുത്താണ് പ്രതിപക്ഷ നേതാവിന്റെ മന്ദിരം.ഉമ്മൻചാണ്ടി ആദ്യ ടേമിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു പ്രതിപക്ഷ നേതാവായപ്പോൾ വിഎസ് സർക്കാർ കന്റോൺമെന്റ് ഹൗസ് അനുവദിച്ചെങ്കിലും അദ്ദേഹം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ തന്നെയാണു തുടർന്നും താമസിച്ചത്. പകരം കന്റോൺമെന്റ് ഹൗസിനെ തന്റെ ഒാഫിസാക്കി മാറ്റി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായപ്പോൾ വഴുതക്കാട്ടെ വസതിയിൽനിന്നു കുടുംബസമേതം കന്റോൺമെന്റ് ഹൗസിലേക്കു മാറി.വി.ഡി.സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്നുവെന്ന് അറിയിപ്പു ലഭിച്ചയുടൻ തന്നെ കന്റോൺമെന്റ് ഹൗസ് ഒഴിയാൻ തന്റെ സ്റ്റാഫിനു ചെന്നിത്തല നിർദേശം നൽകി. വീടും കാറും അടക്കമുള്ളവ ടൂറിസം വകുപ്പ് ഏറ്റെടുക്കും. പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതായി ഒൗദ്യോഗികമായി അറിയിപ്പു ലഭിക്കുമ്പോൾ സർക്കാർ ആവശ്യമായ അറ്റകുറ്റപ്പണികൾക്കു ശേഷം സതീശനു കൈമാറും. പുതിയ പഴ്സനൽ സ്റ്റാഫിനെയും സതീശനു തിരഞ്ഞെടുക്കാം.