പിണറായി വിജയന്റെ നേതൃ ത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയാണ്. കേരളം പോലെ, ഉയര്‍ന്ന സാക്ഷരതാ നിരക്കും വികസന സൂചികയും ഉള്ള, ജനസാന്ദ്രതയും മാധ്യമ സാന്ദ്രതയും ഏറിയ ഒരു സംസ്ഥാനത്ത് തുടര്‍ ഭരണം ഉറപ്പുവരുത്താനാകുക എന്നത് വിശകലനങ്ങള്‍ ആവശ്യപ്പെടുന്ന പ്രതിഭാസമാണ്.
പ്രകൃതി ദുരന്തങ്ങള്‍, മഹാമാരികള്‍ തുടങ്ങിയവയെ നേരിടാന്‍ വലിയ തോതില്‍ സമയവും ഊര്‍ജവും സമ്പത്തും ചെലവഴിക്കേണ്ടി വരിക വഴി, മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാല സര്‍ക്കാറുകള്‍ക്ക് കിട്ടിയ അവസരവും സാവകാശവും കഴിഞ്ഞ സര്‍ക്കാറിന് ലഭിച്ചിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളും ഫെഡറലിസത്തെ ദുര്‍ബലമാക്കുന്ന നയവ്യതിയാനങ്ങളും കഴിഞ്ഞ സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഈ സര്‍ക്കാറില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
വികസനം, സമകാലിക രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രത്യയശാസ്ത്രപരമായ സമീപനം എന്നീ രണ്ട് ഘടകങ്ങളെ കുറിച്ച് കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത നയപരമായ തീരുമാനങ്ങളും അതിന്റെ അനന്തര ഫലങ്ങളുമാണ് ഈ സര്‍ക്കാറില്‍ പ്രതീക്ഷ പുലര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടാകുക. എന്നു മാത്രമല്ല, ഈ രണ്ട് ഘടകങ്ങളെയും വേര്‍തിരിച്ചു കാണേണ്ടതല്ല, പരസ്പര പൂരകമായി വേണം കാണാന്‍ എന്നൊരു പ്രതീതി സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. പൗരത്വ ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളും കേരളം നേരിട്ടനുഭവിച്ച പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതിസന്ധികളും ഇത്തരം ഒരു സമീപനത്തെ ഊര്‍ജസ്വലതയോടെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം സര്‍ക്കാറിന് നല്‍കി.
പൗരത്വ ബില്ലിനെതിരെ മുഖ്യമന്ത്രിയുടെ തന്നെ നേതൃത്വത്തില്‍ നടന്ന സമരപരിപാടികള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും ചെറുതല്ല. അടിസ്ഥാന സേവനങ്ങളുടെ കാര്യത്തില്‍ ഐക്യ കേരളം കഴിഞ്ഞ ആറ് ദശാബ്ദത്തിനിടയില്‍ കൈവരിച്ച പല നേട്ടങ്ങളുടെയും ഗുണഫലം സൂക്ഷ്മാര്‍ഥത്തില്‍ അനുഭവിക്കാന്‍ ഈ ദുരിത കാലം മലയാളികള്‍ക്ക് അവസരമൊരുക്കുകയും ചെയ്തു. പ്രത്യേകിച്ചും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം നടത്തിയ നയപരമായ ഇടപെടലുകളുടെയും അതുണ്ടാക്കിയ തനത് മാതൃകകളുടെയും ഗുണ ഫലം.
വ്യത്യസ്ത മത സാമൂഹിക പ്രാദേശിക ജന വിഭാഗങ്ങളെ ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുപോകാനുള്ള ഒരു തരം സാമൂഹിക വൈദഗ്ധ്യം സര്‍ക്കാറിനുണ്ടായിരുന്നു. അതേസമയം തന്നെ, ഈ സന്തുലിത സമീപനം ജനപ്രിയതയുടെ ചതിക്കുഴിയിലേക്ക് വീഴാന്‍ സര്‍ക്കാറിനെ പ്രലോഭിപ്പിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ജനപ്രിയതയെയും വിശാലമായ സാമൂഹിക നീതിയെയും പരസ്പരം കൂട്ടിയിണക്കി കൊണ്ടുള്ള വികസന കാഴ്ചപ്പാടിലേക്കുള്ള ഒരു വാതില്‍ തുറന്നുവെക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചു എന്നതു തന്നെയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ വലിയ നേട്ടങ്ങളില്‍ ഒന്ന്.
പെന്‍ഷന്‍, വീട് നിര്‍മാണം, ഭക്ഷ്യ വസ്തുക്കളുടെ വിതരണം ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ വിവിധ പിന്നാക്ക സാമൂഹിക വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ ഗുണഭോക്താക്കളെ പങ്കാളികളാക്കിയതും തൊഴിലുറപ്പ് പദ്ധതി പോലുള്ളവയെ കൂടുതല്‍ കാര്യക്ഷമമാക്കിയതും എടുത്തുപറയേണ്ട കാര്യമാണ്. മുസ്‌ലിംകള്‍ക്കിടയിലെ ദാരിദ്ര്യത്തെയും വ്യവസ്ഥാപിതമായി അഭിമുഖീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള ഒരു ദരിദ്ര കുടുംബത്തിന് ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ വലിയ വര്‍ധനവ് ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ വികസനത്തില്‍ വലിയ തോതില്‍ പങ്കാളികളായ പ്രവാസികളെ കൂടി പെന്‍ഷന്‍ പോലുള്ള ക്ഷേമ പദ്ധതികളുടെ ഭാഗമാക്കണം.
സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളോട് പൗരന്മാര്‍ക്ക് അവകാശ സംബന്ധിയായ ഒരു ബന്ധം ഉണ്ടാക്കുന്ന തരത്തില്‍ വികസന-വിഭവ വിതരണ വിഷയത്തില്‍ ഘടനാപരമായ സമീപനമാറ്റം വളര്‍ത്തിയെടുക്കാനും കഴിഞ്ഞ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്. ബംഗാളിലെ നീണ്ടകാലത്തെ ഭരണ തുടര്‍ച്ചയില്‍ നിന്ന് കേരളത്തിലെ സി പി എമ്മിന്റെ ഇപ്പോഴത്തെ ഭരണത്തുടര്‍ച്ചയെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകവും ഇതു തന്നെ ആയിരിക്കും. പരിമിതമായ അര്‍ഥത്തില്‍ ആണെങ്കിലും ഒരു ക്ഷേമ രാഷ്ട്ര സങ്കല്‍പ്പത്തെ ഉള്‍വഹിക്കുന്ന പ്രവണതകള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുവെ കാണാം.
പക്ഷേ, സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തോട് അനുപാതികമായിട്ടാണോ സാമൂഹിക നീതിയുടെ കാര്യത്തില്‍ പ്രവര്‍ത്തിച്ചത് എന്നത് ന്യായമായും സംശയിക്കാവുന്ന കാര്യമാണ്. സാമ്പത്തിക സംവരണ കാര്യത്തില്‍ കാണിച്ച ധൃതി ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. തമിഴ്നാട്ടില്‍ ഇത്തരം കാര്യങ്ങളില്‍ കാണുന്ന സമീപനങ്ങളെ കുറേക്കൂടി ഗൗരവത്തോടെ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്. ഒരര്‍ഥത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റപ്പെട്ട നിലയില്‍ കാണുന്നതിനു പകരം തമിഴ് നാടിന്റെ കൂടി ഭാഗമായി കാണുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. സാമൂഹിക നീതിയുടെ ചോദ്യത്തെ കൂടുതല്‍ കണിശതയോടെ അഭിമുഖീകരിക്കാന്‍ പുതിയ സര്‍ക്കാറിനെ അത് പ്രേരിപ്പിക്കും. കേരളത്തിലേക്ക് മാത്രമായി ഇടതുപക്ഷ ഭരണം ചുരുങ്ങി എന്നതിനെ ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ പരീക്ഷണങ്ങളെ പ്രാദേശികമായി നവീകരിക്കാനുള്ള ഒരവസരമായി കൂടി കാണണം.
സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പുവരുത്തുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ കുറേക്കൂടി കണിശതയോടെ പുതിയ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പൊതുവിദ്യാഭ്യാസ നയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുകയും നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവസര സമത്വം ഉറപ്പുവരുത്തുകയും ചെയ്യണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണം. ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിലൂടെയും മറ്റും സര്‍ക്കാര്‍ കാണിച്ച കരുതല്‍ മദ്യ നിരോധനത്തിന്റെ കാര്യത്തിലും ഉണ്ടാകണം. മദ്യ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിനേക്കാളും വലിയ തുകയാണ് അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹിക വിപത്തുകളെ നേരിടാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെ കേരളത്തെ പൂര്‍ണാര്‍ഥത്തിലുള്ള ഒരു ക്ഷേമ രാഷ്ട്ര മാതൃകയാക്കി വളര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന ക്രിയാത്മകമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് വ്യവസ്ഥാപിതമായ പരിഹാര നടപടികള്‍ സ്വീകരിക്കണം. ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിം സമൂഹത്തെ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തുറന്ന സമീപനം കൂടുതല്‍ വിശാലമാക്കണം. ഉത്തരവാദിത്വ ബോധമുള്ള പ്രതിപക്ഷമായി നിന്നുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയും ഇത്തരം പരിശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കണം.
പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്രിയാത്മകമായ ഊര്‍ജമാണ് സര്‍ക്കാറിന്റെ തുടര്‍ച്ച ഉറപ്പു വരുത്തിയത്. ആ ഊര്‍ജം തന്നെ ആയിരിക്കുമോ ഈ ഭരണത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള അധികാര-വിഭവ പങ്കാളിത്തവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാര്‍ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കഴിഞ്ഞ ഭരണത്തിന്റെ തുടര്‍ച്ച തന്നെയാണോ ഇതെന്ന് വിലയിരുത്തപ്പെടുക. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവരണം പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികള്‍ക്ക് അതില്‍ വലിയ പങ്കുണ്ടാകും. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള കാലം പുതുതായി അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാറുകള്‍ക്കും നിര്‍ണായകമാണ്. പൂര്‍ണാര്‍ഥത്തിലുള്ള ഒരു ബദലായി മാറാന്‍ ഈ സര്‍ക്കാറുകള്‍ക്ക് ഇക്കാലയളവില്‍ കഴിയുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ തന്നെ ഭാവി. ആ ഭാവിയിലേക്ക് കരുത്തു പകരാന്‍ കഴിയുന്ന വിധത്തില്‍ കേരളത്തില്‍ പ്രതീക്ഷാ നിര്‍ഭരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാറിന് കഴിയട്ടെ.