രണ്ടാം പിണറായി മന്ത്രിസഭയില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച കെ കെ ശൈലജ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വോട്ട് രേഖപ്പെടുത്തിയതെന്ന രീതിയിലുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിലേറെയും. നടിമാരായ പാര്‍വതി തിരുവോത്ത്, മാലാ പാര്‍വതി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ‘ബ്രിങ് ബാക്ക് ശൈലജ’ എന്ന ഹാഷ്ടാഗില്‍ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെ.കെ. ശൈലജയെ ആരോഗ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കാമ്പയിനുകളും മാസ് പെറ്റീഷന്‍ ഒപ്പിടലും ഇതിനകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഇതിനിടെ ശൈലജയെ ഉൾപ്പെടുത്താത്തത് സംബന്ധിച്ച് സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതിയുടെ പരാമർശങ്ങളാണ് ശ്രദ്ധേയമാകുന്നത്.
താൻ രാഷ്ട്രപതിയുടെ അവാർഡ് വാങ്ങിച്ച ആരോഗ്യമന്ത്രിയായിരുന്നുവെന്നും എന്നാൽ പിന്നീട് മത്സരരംഗത്ത് ഉണ്ടായിട്ടില്ലെന്നും മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈമില്‍ സംസാരിക്കവെ പി കെ ശ്രീമതി പറഞ്ഞു. അടുത്ത് വരുന്ന ആരോഗ്യമന്ത്രി ശൈലജയെക്കാൾ മികവ് കാട്ടില്ലെന്ന് ആർക്കറിയാമെന്നും പി കെ ശ്രീമതി ചോദിക്കുന്നു.
പി കെ ശ്രീമതിയുടെ വാക്കുകൾ ഇങ്ങനെ-”ആരോഗ്യമന്ത്രിയെന്ന നിലയില്‍ അവർ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സംതൃപ്തിയുള്ളതാണ്, പ്രശംസനീയമാണ്. ഇനി വരുന്നയാൾ ഇതിനെക്കാളും മികവ് കാട്ടില്ലെന്ന് ആർക്കറിയാം. ഞാൻ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. പ്രസിഡന്റിന്റെ അവാർഡും വാങ്ങിയിട്ടുണ്ട്. പക്ഷെ ഞാൻ പിന്നീട് മത്സരരംഗത്തുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കാരണം പാർട്ടി തീരുമാനിക്കുന്നു. നമ്മൾ നടപ്പാക്കുന്നു. ഇതൊന്നും വലുതായി കാണേണ്ടതില്ല. പാർട്ടി സംഘടനാ രംഗത്ത് പ്രവർത്തിക്കേണ്ടിവരും. ചില സന്ദർഭത്തിൽ സഖാവ് ഇഎംഎസ് അങ്ങനെ ചെയ്തിട്ടില്ലേ. സഖാവ് വിഎസ് അങ്ങനെ ചെയ്തിട്ടില്ലേ.സഖാവ് നായനാർ അങ്ങനെ ചെയ്തിട്ടില്ലേ. സഖാവ് പിണറായി എത്രയോ വര്‍ഷക്കാലം പാർട്ടിയെ നയിച്ചിട്ടില്ലേ. ഇപ്പോഴല്ലേ മുഖ്യമന്ത്രിയായത്. സഖാവ് പിണറായി മുഖ്യമന്ത്രിയാകുന്നത് പാർട്ടിയുടെ തീരുമാനമനുസരിച്ചാണ്. ഒറ്റക്കൊരു തീരുമാനമെടുക്കാൻ ഈ പാർട്ടിയിൽ ആർക്കും കഴിയില്ല.”