ട്രിപ്പിൾ ലോക്ഡൗണുമായി ബന്ധപ്പെട്ട് മലപ്പുറം–പാലക്കാട് ജില്ലാ അതിർത്തിയായ പുലാമന്തോൾ പാലത്തിൽ വാഹന പരിശോധനയ്ക്ക് പൊലീസിനൊപ്പം ഒരു നായയുമുണ്ട്. കാണുന്നവർക്ക് പൊലീസ് നായയാണെന്ന് തോന്നും. അത്രയ്ക്ക് ഗമയിലും ഗൗരവത്തിലുമാണ് ‘ഡ്യൂട്ടി’ ചെയ്യുന്നത്. പൊലീസ് ഡ്യൂട്ടി തുടങ്ങിയ ദിവസം വിശന്നുവലഞ്ഞെത്തിയ ഈ തെരുവുനായയ്ക്ക് ഭക്ഷണം നൽകിയിരുന്നു. ഇതോടെയാണ് പൊലീസിനൊപ്പം കൂടിയത്.
പൊലീസ് റോഡിൽ വാഹനം തടയുമ്പോൾ നായയുമെത്തും. പൊലീസ് നടന്നാൽ നടക്കും, നിന്നാൽ നിൽക്കും. പൊലീസുദ്യോഗസ്ഥർ ആരായാലും ഡ്യൂട്ടിക്ക് നായ റെഡി. രാവിലെ 6 മുതൽ രാത്രി 8 വരെയാണ് പൊലീസുകാർക്ക് ഡ്യൂട്ടി. പൊലീസ് എത്തുമ്പോഴേക്കും നായയും തയാറായിട്ടുണ്ടാകും. 10 ദിവസത്തോളമായി ഈ പതിവ് തുടങ്ങിയിട്ട്. മഴ പെയ്താൽ പൊലീസിനായി തയാറാക്കിയ ഷെഡിൽ കയറി നിൽക്കുയാണ് പതിവ്.